കൊച്ചിയിലെ തിരുവോണ ദിന പോരാട്ടം, ആരാധകരെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സിൻ്റെ പ്രഖ്യാപനം; 50% പേർക്ക് മാത്രം പ്രവേശനം
കൊച്ചി: ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ ഹോം ഗ്രൗണ്ടിലെ ബ്ലാസ്റ്റേഴ്സിന്‍റെ പോരാട്ടങ്ങൾ എല്ലാഴ്പ്പോഴും ഇരമ്പിയാർക്കുന്ന ആരാധകരുടെ നടുവിലാണ് നടക്കാറുള്ളത്. പുതിയ സീസണിന് തുടക്കമാകുമ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയ തയ്യാറെടുപ്പുകളോടെ സ്റ്റേഡിയത്തിലേക്ക് എത്താൻ കാത്തുനിൽക്കുകയാണ്. എന്നാൽ ആരാധകരെ ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരം തിരുവോണ ദിനത്തിലായതിനാൽ ആരാധകർക്ക് മുഴുവൻ സ്റ്റേഡിയത്തിലെത്താനാകില്ല. കൊച്ചിയിലെ ആദ്യ മത്സരത്തിൽ പകുതി സീറ്റുകളിൽ മാത്രമാകും പ്രവേശനം എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്. തിരുവോണം കാരണം സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനം ആക്കിയെന്ന് ബ്ലാസ്റ്റേഴ്സ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അവശ്യ സേവനങ്ങൾ നൽകുന്നവരോടുള്ള കരുതൽ എന്ന വിശദീകരണത്തോടെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ തീരുമാനം അറിയിച്ചിരിക്കുന്നത്.
അതേസമയം ഐ എസ് എൽ പതിനൊന്നാം സീസണിന് ഇന്ന് വൈകുന്നേരം തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി കൊൽക്കത്തയിൽ മോഹൻ ബഗാനെ നേരിടുകയാണ്. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം. ചാമ്പ്യൻമാരായ മുംബൈ സിറ്റി ആധിപത്യം തുടരാനാണ് മോഹൻ ബഗാനെതിരെ ഇറങ്ങുന്നത്. അതേസമയം കിരീടപ്പോരിലെ തോൽവിക്ക് ഇതേവേദിയിൽ പകരം വീട്ടാനാണ് മോഹൻ ബഗാൻ ശ്രമിക്കുക.
പതിറ്റാണ്ടിന്‍റെ തഴക്കവും പഴക്കവുമായാണ് ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം സീസണ് കിക്കോഫാകുന്നത്. ഐ എസ് എൽ പതിനൊന്നാം സീസണിൽ കിരീടം ലക്ഷ്യമിട്ട് പൊരുതുന്നത് 13 ടീമുകളാണ്. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ സ്പോർട്ടിംഗാണ് നവാഗതർ. ലീഗ് നിയമങ്ങളിലും മാറ്റമുണ്ട്. എല്ലാ ടീമിനും ഇന്ത്യക്കാരനായ സഹപരിശീലകൻ നിർബന്ധം. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനൊപ്പം റഫറി തെറ്റായി ചുവപ്പ് കാർഡ് നൽകിയതിനെതിരെ അപ്പീൽ നൽകാനും അവസരമുണ്ട്.
ആദ്യകിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ് സിയും കിരീടം വീണ്ടെടുക്കാൻ പൊരുതുന്ന മോഹൻ ബഗാനും ഇറങ്ങുന്നത് പുതിയ പരിശീലകരുടെ തന്ത്രങ്ങളുമായി. ഇവാൻ വുകോമനോവിച്ചിന്‍റെ പകരക്കാരൻ മൈക്കൽ സ്റ്റാറേയിലും പുതിയ താരങ്ങളിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷയേറെ. ഹൊസെ മൊളീന മോഹൻ ബഗാൻ പരിശീലകനായി തിരിച്ചെത്തുമ്പോൾ പഞ്ചാബിന് തന്ത്രമോതാൻ ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസ്. ഈ മൂന്ന് ടീമുകള്‍ മാത്രമാണ് ഇത്തവണ പുതിയ പരിശീലകര്‍ക്ക് കീഴില്‍ ഇറങ്ങുന്നത്. ജംഷെഡ്പൂര്‍ പരിശീലകന്‍ ഖാലിദ് ജമീലാണ് ലീഗിലെ ഏക ഇന്ത്യൻ മുഖ്യ പരിശീലകന്‍.