കുറവിലങ്ങാട്: എം.സി റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാവുന്നു. കോഴ ജങ്ഷനില്‍ നിയന്ത്രണം നഷ്ടമായ ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം. കോട്ടയത്തു നിന്നും തൃശൂര്‍ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ട്രാവലര്‍. ഈ ട്രാവലര്‍ കോഴാ ജംഗ്ഷനില്‍ എത്തിയപ്പോള്‍, നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ നടന്ന ഏഴാമത്തെ അപകടമാണ് ഇന്നു നടന്നത്. നിരന്തരം ഈ റോഡില്‍ അപകടങ്ങളുണ്ടാകുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
കോഴാ ജങ്ഷനിലാണ് ഡിവൈഡര്‍ അപകട ഭീഷണി ഉയര്‍ത്തുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ ഡിവൈഡറില്‍ റിഫ്ളക്ടറോ മറ്റ് വെളിച്ച സംവിധാനമോ ഇല്ലാത്തതാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു. പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് അപകടങ്ങള്‍ വലിയ ദുരന്തമായി മാറാതെ പോകുന്നത്.
റോഡ് പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ മറ്റു വാഹനങ്ങളെ മറികടക്കുമ്പോള്‍ റിഫ്ളക്ടറില്ലാത്ത ഡിവൈഡറില്‍ വാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടാകുന്നതെന്നാണ് ആരോപണം ഉയരുന്നത്. അധികൃതര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.