പാലക്കാട്: ലൈം​ഗിക അതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. എലപ്പുള്ളിയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ കൊട്ടിൽപ്പാറ കള്ളിയിലാംപാറ സ്വദേശി സൈമണാണ് (31) ആക്രമണം നടത്തിയത്. അതിക്രമം ചെറുത്ത കൊട്ടിൽപ്പാറ സ്വദേശിനിയായ 23കാരിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഇയാളെ പിന്നീട് വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.ബുധനാഴ്ച രാവിലെ പത്തരയോടെയാണു സംഭവം. അമ്മയ്‌ക്കൊപ്പം പശുവിന് പുല്ല് അരിയാനെത്തിയതായിരുന്നു യുവതി. ഭക്ഷണമെടുക്കാൻ അമ്മ വീട്ടിലേക്ക് മടങ്ങിയ സമയത്താണ് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന സൈമൺ യുവതിയെ ആക്രമിച്ചത്. പ്രതി കടന്നുപിടിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചപ്പോൾ യുവതി ചെറുത്തുനിന്നു. കുതറി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കയ്യിലുണ്ടായിരുന്ന അരിവാൾ പിടിച്ചു വാങ്ങി, തലയിൽ വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.ബഹളം കേട്ട് അമ്മയും സമീപവാസികളും ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. യുവതിയെ ഇയാൾ 20 മീറ്ററോളം പറമ്പിലെ പുല്ലിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. വിരലടയാള വിദഗ്ധരുടെ പരിശോധനയിൽ പറമ്പിലെ പലയിടത്തും രക്തക്കറ കണ്ടെത്തി. തലയിൽ മൂന്നിടത്താണ് യുവതിക്ക് വെട്ടേറ്റത്. ചോരയൊലിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് വിദഗ്ധചികിത്സയ്ക്കായി തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിനു മുൻപും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുള്ള ആളാണ് സൈമൺ. https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *