കോട്ടയം: ഓണക്കാലമായതോടെ വാഹന പരിശോധന ശക്തമാക്കി പോലീസ്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ ലക്ഷ്യംവെച്ചാണു പരിശോധന. പിടികൂടിയാല്‍ 2,000 പോകുമെന്നുറപ്പ്. പരമാവധി തുക പിരിക്കാനാണു സര്‍ക്കാര്‍ പോലീസിനു നില്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ ഒരിടവേളയ്ക്കു ശേഷം വാഹന പരിശോധന പുനരാരംഭിക്കുകയായിരുന്നു.
മുന്‍പു ജീവനക്കാരുടെ കുറവ് ഉണ്ടായിരുന്ന സമയത്തും കര്‍ശനമായ വാഹന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഓരോ സ്‌റ്റേഷനുകള്‍ക്കു ടാര്‍ഗെറ്റ് നിറക്കാന്‍ പോലീസ് സ്‌റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
കേസെടുക്കുന്നതില്‍ തുടങ്ങി ലഹരി വസ്തു പിടിക്കാനും ഗതാഗത നിയമലംഘനം കണ്ടെത്താനുമെല്ലാം ഇത്തരത്തില്‍ എണ്ണം നിശ്ചയിച്ചു നല്‍കിയിരുന്നു. ഇതുപോലെ ഓരോ എസ്.ഐ മാരും പെറ്റിക്കേസ് എത്രയെണ്ണം എടുക്കണമെന്നു വരെ എണ്ണമുണ്ട്.
ടാര്‍ജറ്റ് ഏറ്റവും കൂടുതലുള്ളത് പിഴ ഈടാക്കാവുന്ന തരം കേസുകള്‍ക്കാണ്. അതിനാല്‍ പിരിവാണു ലക്ഷ്യമെന്ന ആക്ഷേപം ശക്തമായിരുന്നു. പിന്നീട് ഇതു വിവാദമാവുകയും ചെയ്തു. എ.ഐ ക്യാമറ സ്ഥാപിച്ചതിനു പിന്നാലെ പരിശോധന ക്രമേണ കുറയ്ക്കുയും ചെയ്തിരുന്നു.
ഇതിനിടെയാണ് ഇപ്പോള്‍ ഓണക്കാലത്ത് വീണ്ടും പിഴയീടാക്കാന്‍ ശക്തമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മദ്യപിച്ചു വാഹനം ഓടിക്കുന്നതും അനധികൃത പാര്‍ക്കിങും അപകടകരമായ ഡ്രൈവങ്ങിനുമെല്ലാം പിഴ ഈടാക്കുന്നുണ്ട്. മദ്യപിച്ചു വാഹനം ഓടിച്ചു പിടികൂടിയാല്‍ 10,000 രൂപ വരെ ഈടാക്കാമെന്നാണു നിയമം.
എന്നാല്‍, ഓണക്കാലത്തു രണ്ടായിരം വെച്ചാണു മദ്യപന്‍മാര്‍ക്കു പിഴയിടുന്നത്. പതിനായിരം രൂപ ഒറ്റയടിക്ക് എടുക്കാന്‍ പലരുടെയും കൈയില്‍ പണം കാണാറില്ല. മാത്രമല്ല നോട്ടീസ് കിട്ടുമ്പോഴേയ്ക്കും ആറു മാസം പിന്നിടുകയും ചെയ്യും. ഇതോടെ സര്‍ക്കാരിലേക്കു പെട്ടന്നു പണം സമാഹരിക്കാന്‍ 1500 മുതല്‍ 2000 വരെയാണു പിഴ ഈടാക്കുന്നത്.
പിഴത്തുകകള്‍: അപകടകരമായി ഓടിച്ചാല്‍ 2000 രൂപ, ശബ്ദമലിനീകരണം 2000 രൂപ, മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ, ലൈസന്‍സ് ഇല്ലാതെ ഓടിച്ചാല്‍ 5000 രൂപ, അമിതവേഗം – എല്‍.എം.വി 1500 രൂപ, മീഡിയം ഹെവി വാഹനങ്ങള്‍ 3000 രൂപ. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 500 രൂപ, ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ 1000 രൂപ.