പി വി അൻവന്‍റെ ഫോൺ ചോർത്തൽ ആരോപണം; ‘സ്ഥിതി അതീവ ഗൗരവമേറിയത്’, മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തില്‍ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണ്. താനും ഫോൺ ചോർത്തി എന്ന അൻവറിന്റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്. അൻവറിന്റെ ആരോപണം സർക്കാരിനെതിരെ ആയുധമാക്കുകയാണ് ഗവർണർ. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അടക്കം അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടക കക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെ എല്‍ഡിഎഫ് യോഗം ഉടൻ ആരംഭിക്കും. തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കുന്ന യോഗത്തിൽ അജിത്കുമാറിനെ മാറ്റണമെന്ന നിലപാട് സിപിഐയും ആര്‍ജെഡിയും ഉന്നയിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. എന്നാൽ അൻവർ അജിത്കുമാറിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin