കോട്ടയം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കും പിന്നാലെ മലയാള സിനിമ ഇന്നു ഏറെ പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. പുതിയ സിനിമകള്‍ എടുക്കാന്‍ നിര്‍മാതാക്കള്‍ മടിക്കുന്നതിനൊപ്പം നിലവില്‍ പ്രഖ്യാപിച്ച സിനിമകളും ആശങ്കയിലാണ്.
ലോ ബജറ്റ് ചിത്രങ്ങളാണ് ഇത് ഏറെ ബാധിക്കുക. വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ഓണ ചിത്രങ്ങളുടെ ഭാവി അനുസരിച്ചായിരിക്കും കുറച്ചു കാലത്തേക്കെങ്കിലും മലയാള സിനിമയുടെ ഭാവി മുന്നോട്ടു പോവുക. വിവാദങ്ങളെ തുടര്‍ന്ന് പുതുതായി തുടങ്ങാനിരുന്ന ചില പ്രൊജക്ടുകളും അനിശ്ചിതത്വത്തിലായതായാണു സൂചന.
വിവാദങ്ങള്‍ കെട്ടടങ്ങാതെ സിനിമയില്‍ പണംമുടക്കുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവാണ് നിര്‍മാതാക്കളെ അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. സിനിമയോടുള്ള താല്പര്യത്താല്‍ പണംമുടക്കിയിരുന്ന പ്രവാസികള്‍ അടക്കമുള്ളവര്‍ പുതിയ വിവാദള്‍ക്കു പിന്നാലെ പിന്തിരിഞ്ഞു നില്‍ക്കുകയാണ്.
നഷ്ടം നേരിട്ട് ടെലിവിഷന്‍ ചാനലുകള്‍
വിവാദങ്ങളും ആരോപണങ്ങളും പുറത്തു വന്നതോടെ സിനിമാ അനുബന്ധ മേഖലകളും ടിവി ചാനലുകള്‍ക്കും നഷ്ടം നേരിട്ടിരുന്നു. വന്‍ തുക മുടക്കി താരങ്ങളെ വെച്ച ചിത്രീകരിച്ച ഓണ പ്രോഗ്രാമുകള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ടിവി ചാനലുകള്‍ക്ക് ഉണ്ടായത്. ഇതോടെ ഓണത്തിനു കോമഡി പ്രോഗ്രാമുകളും പാചക പരീക്ഷണങ്ങളും അടുത്തിടെ ഹിറ്റായ സിനിമകളും ഒക്കെയാണ് ടെലിവിഷനിലൂടെ ഓണനാളില്‍ മലയാളിയുടെ സ്വകീരണ മുറയിലേക്ക് എത്തുക.
ഓണത്തിന് മാസങ്ങള്‍ക്കു മുന്‍പു തന്നെ പല ചാനലുകളും പ്രോഗ്രാമുകളുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പിന്നാലെ ഓഗസ്റ്റില്‍ ഇവയുടെ പ്രെമോയും സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനിടെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തു വരുകയും മലയാള സിനിമയെ പിടിച്ചു കുലുക്കുകയും ചെയ്തിരുന്നു.
സൂപ്പര്‍ താരങ്ങളുടെ ഇമേജിന് വരെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഇടിവുണ്ടാക്കി. റിപ്പോര്‍ട്ട് പുത്തു വന്നിട്ടും സ്വീകരിച്ച മൗനമാണ് താരങ്ങള്‍ക്കു വിനയായത്.
ഇതിനിടെ പല താരങ്ങള്‍ക്കും എതിരെ പീഡന പരാതി കൂടി ഉന്നയിച്ചു നടിമാര്‍ രംഗത്തുവന്നതോടെ പ്രതിസന്ധി ഗുരുതരമായി. പിന്നാലെയാണ് താരങ്ങളെ കേന്ദ്രീകരിച്ചു ചിത്രീകരിച്ച ഓണ പ്രോഗ്രാമുകളും ടിവി ചാനലുകള്‍ ഒഴിവാക്കിയത്.
ഓണ ചിത്രങ്ങളായി ടെലിവിഷനിൽ എത്തുന്ന ബിഗ്ബ്രദര്‍, അജഗജാന്തരം, ലിയോ, എന്നാലും എന്റളിയാ, മഞ്ഞുമ്മല്‍ ബോയ്‌സ്, നേര്, ഗര്‍, പ്രേമലു, ആവേശം, ഗുരുവായൂരമ്പലനടയില്‍, തുടങ്ങിയ ചിത്രങ്ങളിലാണ് ചാനലുകളുടെ പ്രതീക്ഷ.
പിന്‍വലിക്കേണ്ടി വന്ന പരസ്യങ്ങള്‍
ആരോപണ വിധേയരായവര്‍ അഭിനയിച്ച പരസ്യങ്ങള്‍ ഉള്‍പ്പടെ നീക്കം ചെയ്യേണ്ട അവസ്ഥ കമ്പനികള്‍ക്കുണ്ടായി. ആരോപണങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങളെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ബ്രാന്‍ഡുകളും കേന്ദ്ര കഥാപാത്രമാക്കി പരസ്യം ചെയ്തവരും പ്രതിസന്ധി നേരിട്ടു.
പ്രമുഖ നടനെ ബ്രാന്‍ഡ് അംബാസിഡറാക്കി പുറത്തിറക്കിയ പരസ്യവും ഹോര്‍ഡിംഗ്‌സുകളും മാറ്റിയിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി കമ്പനികൾക്ക് സംഭവിച്ചത്. വന്‍കിട കമ്പനികള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരെ തെരഞ്ഞെടുക്കുന്നത് അവരുടെ ജനപ്രീതി കൂടി കണക്കിലെടുത്താണ്.
പക്ഷേ, വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് ബ്രാന്‍ഡുകളെ വളരെ നെഗറ്റീവായി ബാധിക്കും. ഓണം പടിവാതില്‍ക്കല്‍ നില്‍ക്കേ താരങ്ങള്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ ബ്രാന്‍ഡുകള്‍ക്കും പരസ്യ ഏജന്‍സികള്‍ക്കും തിരിച്ചടിയും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കി.
ഉദ്ഘാടനവും ഓണാഘോഷങ്ങളും നഷ്ടപ്പെട്ട താരങ്ങള്‍
സിനിമാ താരങ്ങളെ കൊണ്ട് ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്യിക്കുന്നത് ട്രെന്‍ഡായി മാറിയിരന്നു. എന്നാല്‍, ഹേമ കമ്മിറ്റി വിവാദം ചൂടുപിടിച്ചതോടെ സ്ഥാപനങ്ങളിലേക്ക് സിനിമക്കാരെ വിളിക്കുന്നത് ഗണ്യമായി കുറഞ്ഞു. ഇതിലൂടെ താരങ്ങള്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഒരു പുതുമുഖ താരത്തെ കൊണ്ടുവരണമെങ്കില്‍ തന്നെ ലക്ഷങ്ങള്‍ ചിലവാക്കണം. അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന തുകയേക്കള്‍ കൂടുതല്‍ ഉദ്ഘാടനത്തിന് വാങ്ങിക്കുന്ന താരങ്ങളും ഉണ്ട്. സിനിമകളേക്കാള്‍ ഉദ്ഘാടനം ഉള്ള നടിമാര്‍ക്കും വന്‍ സമ്പത്തിക നഷ്ടമാണ് വന്നു ചേര്‍ന്നത്.
ഓണക്കാലത്ത് ഉദ്ഘാടനങ്ങളും ഇന്റര്‍വ്യൂവും ഒക്കെയായി വന്‍ സാമ്പത്തിക ലാഭം ഉണ്ടാകുന്ന സമയമാണ്. പക്ഷേ, ആരോപണങ്ങള്‍ സിനിമാ മേഖലയെ ബാധിച്ചതോടെ ഉദ്ഘടാനങ്ങളും ഓണാഘോഷങ്ങളുമെല്ലാം ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍മാരും യൂട്യൂബ് തരാങ്ങളും കൈയടക്കി.