കൊച്ചി: സിനിമ മേഖലയിലെ ചൂഷണ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ അന്വേഷണസംഘം തന്റെ സ്വകാര്യത നശിപ്പിക്കുവാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുകേഷിനും ജയസൂര്യക്കുമെതിരെ പരാതി നൽകിയ നടി.
അന്വേഷണസംഘത്തോട് എല്ലാ രീതിയിലും സഹകരിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അവർ തന്നോട് ചെയ്യുന്നത് അൽപ്പം കൂടുതലാണെന്നും ആലുവ സ്വദേശിനിയായ നടി വ്യക്തമാക്കി.
നടന്മാരായ ജയസൂര്യ, മുകേഷ്, ഇടവേള ബാബു എന്നിവർക്കെതിരെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് അന്വേഷിച്ച് വരികയാണ്. ഇതിനിടെയാണ് നടിയുടെ പുതിയ ആരോപണം ഉയരുന്നതെന്നതും ശ്രദ്ധേയമാണ്.
ഫോണില്‍നിന്നും ലാപ് ടോപ്പില്‍നിന്നും കമ്പ്യൂട്ടറില്‍നിന്നെല്ലാമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. എന്നാൽ അവർ തന്റെ ഫെയ്‌സ്ബുക്ക് ആക്‌സസ് ഇല്ലാതാക്കിയെന്നും നടി പറയുന്നു.
പരാതിയിൽ ഒരു മാറ്റവുമില്ലാതെ അതിൽ തന്നെ ഉറച്ചുനിൽക്കുമെന്നും താൻ സഹകരിക്കുന്ന പോലെ അന്വേഷണ സംഘം തിരിച്ചും മര്യാദ കാണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.