തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ അയല്‍വാസിയുടെ മൂന്നു വയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിച്ച 40 കാരിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
മരിച്ച കുട്ടിയുടെ വീട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അയല്‍വാസിയുടെ വീട്ടില്‍നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മരിച്ച കുട്ടിയുടെ പിതാവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. വീടിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു.
അംഗനവാടിയില്‍ മകനെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. ഇതിനിടയിലാണ് മകനെ കാണാനില്ലെന്ന് മനസിലായത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.
”മകനെ കാണാതായതില്‍ ഏറെ നാളുകളായി തര്‍ക്കം തുടരുന്ന അയല്‍വാസിയെ സംശയം ഉണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതനുസരിച്ചാണ് അയല്‍വാസിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ വാഷിങ് മെഷീനകത്തുനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അയല്‍വാസിയായ സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്,” മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.