ഹൈദരാബാദ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ചെകുത്താനെന്നു വിളിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്ഇഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. 
ഇസ്രയേല്‍  പലസ്തീന്‍ സംഘര്‍ഷം കനക്കവേയാണു നെതന്യാഹുവിനെ ചെകുത്താനെന്നും സ്വേച്ഛാധിപതിയെന്നും യുദ്ധ കുറ്റവാളിയെന്നും അസദുദ്ദീന്‍ ഉവൈസി വിശേഷിപ്പിച്ചത്. ഹൈദരാബാദിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഉവൈസിയുടെ രൂക്ഷപ്രതികരണം.
പലസ്തീന്‍ ജനതയ്ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. പലസ്തീനിലേതു മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല, മാനുഷിക പ്രശ്‌നമാണ്.
‘ഗാസയിലെ 10 ലക്ഷത്തോളം ജനങ്ങള്‍ക്കു വീടില്ലാതായി. ലോകം നിശബ്ദരാണ്. ഗാസയിലെ പാവപ്പെട്ട ജനങ്ങള്‍ എന്ത് അതിക്രമമാണു ചെയ്തത്? 70 വര്‍ഷമായി ഇസ്രയേല്‍ അധിനിവേശം നടത്തുകയാണ്. നിങ്ങള്‍ക്ക് അധിനിവേശം കാണാന്‍ കഴിയുന്നില്ല, നിങ്ങള്‍ക്കു പീഡനം കാണാന്‍ സാധിക്കുന്നില്ല”  ഉവൈസി പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഉവൈസി വിമര്‍ശനം നടത്തി. ”പലസ്തീനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് ഒരു മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി കേള്‍ക്കു, ത്രിവര്‍ണ്ണപതാകയും പലസ്തീന്‍ പതാകയും അഭിമാനത്തോടെ ഞാനണിയുകയാണ്. പലസ്തീനൊപ്പം നിലകൊള്ളുന്നു”  ഉവൈസി പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *