തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ ‘ക്രെയിൻ’ കൊണ്ടുവരുന്നതിനെ ഇത്ര ആഘോഷമാക്കേണ്ട കാര്യമെന്തെന്ന ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ.
കപ്പലിനെ ജനങ്ങൾക്ക് മുന്നിൽവച്ചുകൊണ്ടാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും രണ്ടുദിവസം മുമ്പുതന്നെ കപ്പൽ ഇവിടെ എത്തിക്കഴിഞ്ഞതാണെന്നും മന്ത്രി പ്രതികരിച്ചു.
ആളുകൾ ഷിപ്പ് കണ്ടു. അത് ഷിപ്പല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമരസമിതി മുന്നോട്ടുവച്ച 8 ആവശ്യങ്ങളുണ്ടായിരുന്നു. അതിൽ ഏഴും പരിഹരിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ഉറപ്പുനൽകിയതാണ്. സമരം രൂക്ഷമായ ഘട്ടത്തിലും അവരോടൊരിക്കലും പ്രകോപനപരമായി ഇടപെട്ടിട്ടില്ല.
സമാധാനത്തിന്റെ പാതയിലാണ് സഞ്ചരിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രൊജക്ട് ആണിത്. ആരെയും മാറ്റിനിർത്താതെ എല്ലാവരെയും സഹകരിപ്പിക്കണമെന്നാണ് സർക്കാരിന്റെ താത്പര്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്തിന് മുൻപും ശേഷവും എന്ന രീതിയിൽ കേരളത്തിന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കപ്പലിന് അനായാസമായി വന്നുപോകാൻ കഴിയുന്ന സൗകര്യം വിഴിഞ്ഞത്ത്‌ ലഭ്യമാണ്.
നമ്മുക്കിതിനെ ദൈവത്തിന്റെ കടലെന്ന് വിശേഷിപ്പിക്കാനാകുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *