ഇസ്ലാമാബാദ്: കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍റെ പങ്ക് തുറന്ന് സമ്മതിച്ച് സൈനിക മേധാവി. ആദ്യമായാണ് പരസ്യമായി പാകിസ്ഥാന്‍ ഇത്തരമൊരു ഏറ്റുപറച്ചില്‍ നടത്തുന്നത്.
റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് വച്ചാണ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ സയീദ് അസിം മുനിര്‍ 1999ല്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ നേരിട്ടുള്ള ഇടപെടല്‍ തുറന്ന് സമ്മതിച്ചത്.
പ്രതിരോധ ദിന പ്രസംഗത്തിലാണ് മുനിര്‍ കാര്‍ഗിലിനെയും ഇന്ത്യയ്‌ക്കെതിരായി നടന്ന മറ്റ് മൂന്ന് യുദ്ധങ്ങളെയും കുറിച്ച് പരാമര്‍ശം നടത്തിയത് ഈ യുദ്ധത്തില്‍ ജീവന്‍ നഷ്‌ടമായ ജവാന്‍മാരെ രക്തസാക്ഷികളെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ ത്യാഗമെന്നും മുനിര്‍ പരാമര്‍ശിച്ചത്.
“പാകിസ്ഥാന്‍ ശക്തിയും ധൈര്യവുമുള്ള ഒരു രാജ്യമാണ്. സ്വാതന്ത്ര്യത്തിന്‍റെ മൂല്യമറിയുന്ന രാജ്യം. എങ്ങനെ നിലനില്‍ക്കണമെന്നും ഞങ്ങള്‍ക്കറിയാം.
പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ 1948, 1965, 1971, കാര്‍ഗില്‍ യുദ്ധങ്ങള്‍, സിയാച്ചനിലെ യുദ്ധം എന്നിവയില്‍ പതിനായിരങ്ങള്‍ തങ്ങളുടെ ജീവന്‍ ത്യജിച്ചു.
രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനുമായി രക്തസാക്ഷിത്വം വരിച്ചു” സൈനിക ആസ്ഥാനത്ത് കൂടിയ ജനങ്ങളോട് സയീദ് അസിം മുനിര്‍ പറഞ്ഞു.
സൈനിക മേധാവി സ്ഥാനത്തിരുന്ന് കൊണ്ടുള്ള ഒരു വ്യക്തിയുടെ ആദ്യ ഏറ്റുപറച്ചിലാണിത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഒരിക്കല്‍ പോലും കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തതായി ഒരു അധികാരികളും സമ്മതിച്ചിട്ടില്ല.
എന്ന് മാത്രമല്ല കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് നിരന്തരം അവര്‍ ആവര്‍ത്തിക്കുകയും ചെയ്‌തിരുന്നു.