കൊച്ചി: പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ പോലീസ് നടന്‍ നിവിന്‍ പോളിയുടെ മൊഴിയെടുക്കും. ഡി.ജി.പിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നല്‍കിയ പരാതിയിലാണ് നിവിന്‍ പോളിയുടെ മൊഴിയെടുക്കുക. പരാതി ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും.
അന്വേഷണസംഘത്തിനും ഡി.ജി.പിക്കും പാസ്പോര്‍ട്ടിന്റെ കോപ്പി നിവിന്‍ കൈമാറി. പരാതിക്കാരി പീഡനം ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി ചില തെളിവുകളും നിവിന്‍ കൈമാറിയിട്ടുണ്ട്.
അന്നേ ദിവസം നിവിന്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെന്ന് സിനിമയുടെ സംവിധായകന്‍ വിനീത് ശ്രീനിവാസനും നടി പാര്‍വതിയും വെളിപ്പെടുത്തിയിരുന്നു. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി.