പീരുമേട്: പീരുമേട്ടില്‍ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു(31)വിന്റെ കൊലപാതകത്തിന് കാരണം വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കമാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
ടിവി കാണുന്നതിനിടെ അഖിലും സഹോദരന്‍ അജിത്തും (28) തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ബഹളം തടയാനെത്തിയ അമ്മ തുളസി(56)യെ അഖില്‍ തള്ളിയിട്ടു. ഇതില്‍ പ്രകോപിതനായ അജിത്ത് അഖിലിനെ കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തി.
ബോധരഹിതനായി നിലത്തുവീണ അഖിലിനെ വലിച്ചിഴച്ച് വീട്ടുപരിസരത്തെ കമുകില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. കഴുത്തില്‍ ഹോസിട്ട് മുറുക്കി. അഖില്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ബന്ധുക്കളെ വിളിച്ച് ‘അഖില്‍ പടമായി’എന്ന് പറഞ്ഞെന്നും അജിത്ത് മൊഴി നല്‍കി.
വിവരം അറിഞ്ഞ് അയല്‍വാസികളും ബന്ധുക്കളും എത്തിയപ്പോള്‍ അഖില്‍ മരിച്ചുകിടക്കുകയായിരുന്നു. ഈ സമയത്ത് അജിത്തും അമ്മയും കുളിക്കുകയായിരുന്നുവെന്ന അയല്‍വാസികളുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. തുളസി കുറ്റകൃത്യത്തിന് കൂട്ടുന്നില്‍ക്കുകയും സംഭവം മറച്ചുവെക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടത്തില്‍ അഖിലിന്റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തിയതോടെയാണ് കൊലപാതകം തെളിഞ്ഞത്. ഇവരുടെ വീട്ടില്‍ സ്ഥിരം ബഹളം പതിവായി കേള്‍ക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.