പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്‌സ് അസ്സോസ്സിയേഷൻ (കിഫ) ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ചൂലന്നൂർ സെന്‍ററിൽ പ്രതിഷേധ ജാഥയും പ്രതിരോധ സദസ്സും നടത്തി.
പട്ടയവും ആധാരവും ഉള്ള എല്ലാ കുടിയിരുപ്പുകാരുടെയും ഭൂമിയിൽ വനത്തിന്റെ അവകാശം ഒഴിവാക്കുക, കർഷകന് അനുകൂലമായ കോടതിവിധിയുള്ള സ്ഥലങ്ങളൾ വന നിയമത്തിന്റെ പേരിൽ എൻ ഒ സി നൽകാതിരിക്കുന്നത് ഒഴിവാക്കുക, ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കുക, വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് വിള സംരക്ഷിക്കുന്നതിന് ആവശ്യമായ സോളാർ ഫെൻസിങ് പഞ്ചായത്തുകൾ മുൻകൈ എടുത്ത് നിർമ്മിക്കുക, കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്തുകൾ എം പാനൽ ഷൂട്ടേർസിനെ ഉപയോഗിച്ച് അവയെ വെടിവെച്ച് കൊല്ലുക, വനത്തിലൂടെ കടന്നുപോകുന്ന റോഡുകളുടെ നവീകരണത്തിന് വനം വകുപ്പ് തടസ്സം നിൽക്കാതിരിക്കുക, സ്വന്തം ഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിനുള്ള അനുവാദം നൽകുക, വന്യമൃഗം മൂലമുള്ള അപകടങ്ങൾ സംഭവിക്കുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുക, മയിലുകൾ നശിപ്പിക്കുന്ന നെല്ലിന് ആനുപാതികമായ വില വനംവകുപ്പ് നൽകുക, നെൽക്കർഷകർക്ക് സംഭരിച്ച നെല്ലിന് ഉടൻ പണം നൽകുക, സംഭരിച്ച നെല്ലിന്റെ വില വിലയായി തന്നെ നൽകണം, കടമായി നൽകുന്നത് അവസാനിപ്പിക്കുക, തദ്ദേശീയരായ ആളുകൾക്ക് വനത്തിലൂടെയുള്ള വഴികളിലൂടെ നടക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിഫ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധ ജാഥയും പ്രതിരോധ സദസ്സും സംഘടിപ്പിച്ചത്.
പ്രതിഷേധ ജാഥയിൽ നൂറ് കണക്കിന് കർഷകരും ബഹുജനങ്ങളും പങ്കെടുത്തു. തുടർന്ന് ചൂലനൂർ സെന്‍ററില്‍ നടന്ന പ്രതിരോധ സദസ്സിൽ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി.
കിഫ ജില്ല പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ബാസ് എം, തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ദിനേശ് മാഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. രവീന്ദ്രനാഥൻ, ഡി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.