ഫോൺ വിളി റിപ്പോര്‍ട്ടിൽ ഒടുവിൽ നടപടി, ഉത്തരവിട്ട് മുഖ്യമന്ത്രി; മുൻ പത്തനംതിട്ട എസ്പി സുജിത് ദാസിന് സസ്പെൻഷൻ
തിരുവനന്തപുരം: പത്തനത്തിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്നു സുജിത് ദാസ് ഐപിഎഎസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പുറത്തുവന്ന ഫോൺ വിളി ശബ്ദരേഖയിലാണ് നടപടി. സംഭവത്തിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന ഡിജിപിയുടെ റിപ്പോർട്ടിലാണ് ഒടുവിൽ സുജിതിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുജിത്തിനെ സ്ഥലംമാറ്റിയിരുന്നു.
മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പിവി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉന്നയിച്ചിരുന്നു. നടപടി സ്ഥലംമാറ്റത്തിലൊതുക്കിയെന്നായിരുന്നു വിമര്‍ശനം. പിന്നാലെ പത്തനംതിട്ട എസ്‌പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയെയും സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. പത്തനംതിട്ട എസ്‌പിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചാൽ അത് മറ്റ് രണ്ട് പേർക്കെതിരെയും ശക്തമായ നടപടിയെടുക്കാൻ സമ്മർദ്ദമേറ്റും. ഇക്കാരണത്താലാണ് എസ്‌പിക്കെതിരായ നടപടി വൈകിപ്പിച്ചത്. ഫോൺ വിളി വിവാദത്തിൽ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ സസ്പെൻഷൻ എത്തിയിരിക്കുന്നത്.
മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിവി അൻവറിനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതാണ് എസ്‌പിക്കെതിരായ പ്രധാന ആരോപണം. ഇദ്ദേഹം എംആർ അജിത്ത് കുമാറിനെയും സഹ പ്രവർത്തകരെയും അടച്ചാക്ഷേപിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. സുജിത് ദാസിന്റേത് കടുത്ത അച്ചടക്ക ലംഘനമാണെന്നും സേനയെ ആകെ നാണക്കേടിലാക്കിയ സംഭവമാണെന്നും ഡിഐജി അജീത ബീഗം റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്നപ്പോള്‍ ക്യാമ്പ് ഓഫീസിൽ നിന്നും മരംമുറിച്ച് കടത്തിയ സംഭവത്തിൽ തൃശൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മലപ്പുറം എസ്പി ഓഫീസിൽ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് ക്യാമ്പ് ഓഫീസിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്.