ആപ്പാഞ്ചിറ: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിൽ അധികൃതർ അവഗണന തുടർന്നാൽ ജനകീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താൻ ആപ്പാഞ്ചിറ പൗരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രഭാത ധർണയിൽ പൊതുവികാരം ഉയർന്നു.
വഞ്ചിനാട്, വേണാട്, മലബാർ, രാജ്യറാണി, പരശുറാം, ബാംഗ്ലൂർ ഐലൻഡ്, അമൃത, വേളാങ്കണ്ണി, ചെന്നൈ മെയിൽ, ശബരി, മുംബൈ, കന്യാകുമാരി എന്നീ എക്സ്പ്രസ് ട്രെയിനുകൾക്ക് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ധർണ്ണ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
വൈക്കം, മീനച്ചിൽ താലൂക്കുകളിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്നത് വൈക്കം റോഡ് റെയിൽവെ സ്റ്റേഷനെയാണ്. കോട്ടയം – എറണാകുളം മെയിൻ റോഡിലെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യന്ന റെയിൽവെ സ്റ്റേഷനായ വൈക്കം റോഡിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ യാത്രാക്കാർക്ക് ഏറെ ഗുണകരമാകും.
ആവശ്യങ്ങൾ നേടിയെടുക്കും വരെ ശക്തമായ സമരങ്ങൾ ആവിഷ്ക്കരിച്ച് മുമ്പോട്ടു പോകണമെന്ന് മോൻസ് ജോസഫ് പറഞ്ഞു. വൈക്കം റോഡ് റെയിൽവെ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തണമെന്നും മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന യാത്രായിളവുകൾ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൗരസമിതി പ്രസിഡൻ്റ് പി.ജെ തോമസ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി സുനിൽ, വൈസ് പ്രസിഡൻറ് നയന ബിജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജെസി കുര്യൻ, ഷിജി കെ കുര്യൻ, നോബി മുണ്ടയ്ക്കൽ, സിപിഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി ത്രിഗുണ സെൻ, എം.ഐ ശശിധരൻ, അബ്ബാസ് നടയ്ക്ക മ്യാലിൽ, ചന്ദ്ര ബോസ് ഭാവന, പി.കെ കുഞ്ഞുകുഞ്ഞ് പുള്ളോൻകാല, അഡ്വ. കെ.എം ജോർജ് കപ്ളിക്കുന്നേൽ, ഷാജി കാലായിൽ, ജയിംസ് പാറയ്ക്കൽ, പി.എസ് സുമം, ജോയി കുഴിവേലി, സി.എസ് ജോർജ് ചെഞ്ചേരി, രാജീവ് ചെറുവേലിൽ, ജോസഫ് തോപ്പിൽ, തോമസുകുട്ടി മണ്ണാന്തറമ്യാലിൽ, സി.ജെ തങ്കച്ചൻ, സജി വാസുദേവൻ, മണിയപ്പൻ എൻ.റ്റി, ജോൺസൺ ഇറുമ്പയം, മണി മഞ്ചാടി, ലിൻ്റു വർഗീസ് എന്നിവർ പ്രസംഗിച്ചു.