സംവിധായകൻ എ കെ സാജനും- ജോജു ജോർജ്ജും ഒന്നിക്കുന്ന ചിത്രമാണ് പുലിമട. ചിത്രത്തിലെ നാലാമത്തെ ഗാനത്തിന്റെ ലിറിക്‌സ് വീഡിയോ പുറത്തിറങ്ങി. ഡോ. താരാ ജയശങ്കറിന്റെ വരികൾക്ക് ഇഷാൻ ദേവ് ഈണം പകർന്ന്, അദ്ദേഹം തന്നെ ആലപിച്ച “അലകളിൽ”എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗൃഹാതുരത്വം നിറഞ്ഞ പഴയകാല ഓർമ്മകളിലേക്ക് കൈപിടിച്ച്  കൊണ്ടു പോകുന്ന ഫീൽ ആണ് ഈ ഗാനം പ്രേക്ഷകന് സമ്മാനിക്കുന്നത്. പേരിലെ പുതുമ കൊണ്ടു തന്നെ പുലിമട പ്രേക്ഷകർക്കിടയിൽ വലിയ  ചർച്ചയായി മാറിക്കഴിഞ്ഞിരുന്നു. ഒരു പക്ഷെ ജോജു ജോർജ്ജ് എന്ന നടന്റെ  അഭിനയ മികവ് ഒരിക്കൽക്കൂടി കണ്ട് ആസ്വദിക്കാൻ പോകുന്ന ചിത്രം ആയിരിക്കും പുലിമട.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ 3 ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍)എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്.
മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എകെ സാജൻ കഥ,തിരക്കഥ എഡിറ്റിംഗ് കൂടി ചെയ്യുന്ന ചിത്രമാണ് പുലിമട. ഇങ്ക് ലാബ് സിനിമാസിന്റേയും,ലാൻഡ് സിനിമാസിന്റേയും  ബാനറുകളിൽ, രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം  പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. 
ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിൻസന്റ് സ്‌കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *