അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ല, എന്‍റെ ഭാഗത്ത് ന്യായമുണ്ടെന്ന് 100% ഉറപ്പ്, സത്യം തെളിയിക്കും: നിവിൻ പോളി

കൊച്ചി: ബലാത്സംഗ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ നിവിൻ പോളി. അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലെന്നും നിവിൻ പോളി പറഞ്ഞു. അടിസ്ഥാന രഹിതമായുള്ള ആരോപണമാണ്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നത്. വാര്‍ത്ത നല്‍കുന്നതിൽ കുഴപ്പമില്ല. പക്ഷേ കാര്യങ്ങള്‍ അന്വേഷിച്ചിട്ട് കൊടുത്താല്‍ നല്ലതാകും.  എന്‍റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 100ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിച്ചത്.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ കേസ് അതിന്‍റെ വഴിക്ക് പോകും. നിയമപരായി പോരാടും. അതിന്‍റെ ഏതറ്റം വരെയും പോകും. ഇത് സത്യമല്ലെന്ന് തെളിയിക്കാൻ എല്ലാ വഴികളും തേടും. ഇങ്ങനെ ആരോപണം ആര്‍ക്കെതിരെയും വരാം. ഇനി നാളെ മുതല്‍ ആര്‍ക്കെതിരെയും വരാം. അവര്‍ക്കെല്ലാം ഇവിടെ ജീവിക്കണം. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്‍റെ പോരാട്ടം. എന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയ്യാറാണ്. ഇങ്ങനെ കാര്യങ്ങള്‍  സംസാരിച്ച് ശീലമില്ല.  ഒരുപാട് സംസാരിച്ച് ശീലമുള്ള ആളല്ലെന്നും നിവിൻ പോളി പറഞ്ഞു.

വേണ്ടിവന്നാൽ വീണ്ടും മാധ്യമങ്ങളെ കാണും. സത്യം അല്ലെന്ന് തെളിഞ്ഞാലും എന്‍റെ കൂടെ നിൽക്കണം.  ഒന്നര മാസം മുൻപ് ഒരു സിഐ വിളിച്ചിരുന്നു. സ്റ്റേഷനിലേക്ക് വരാനാണ് വിളിപ്പിച്ചത്. ഇങ്ങനെ ഒരു ആരോപണം ഉണ്ടെന്നു പറഞ്ഞു. എനിക്ക് അറിയില്ലെന്നാണ് പറഞ്ഞത്. യാതൊരുവിധി അടിസ്ഥാനവുമില്ലാതെ സംസാരിക്കുന്ന വ്യക്തിയായി തോന്നി. ഇതു മനപ്പൂർവമുള്ള ആരോപണമാണ്.  ഗൂഢാലോചന ഉണ്ടാകുമെന്നാണ് കരുതുന്നത്. അന്നത്തെ പരാതി എസ് ഐ വായിച്ചു കേൾപ്പിച്ചിരുന്നു.

പീഡനം ആരോപണം തന്നെ ആയിരുന്നു അത്. എന്നാണെന്ന് കൃത്യമായി ഓര്‍മയില്ല. ഈ കേസിൽ പറയുന്ന ഒരു വ്യക്തിയെ അറിയാം.  മലയാള സിനിമയിൽ ഒരുപാട് പേർക്ക് ഫണ്ട്‌ ചെയ്യുന്ന ആളാണ്‌.  ഞാനും ഫണ്ട്‌ വാങ്ങി സിനിമ ചെയ്തിട്ടുണ്ട്. ഈ പരാതിയിലുള്ള നിർമാതാവിനെ കണ്ടിട്ടുണ്ട്. അയാളെ കണ്ട തീയതി ഓർമ ഇല്ല. ദുബായ് മാളിൽ വെച്ചാണ് കണ്ടതെന്നും ആരോപണങ്ങളിൽ സത്യമില്ലെന്ന് തെളിയിക്കാൻ നിയമപോരാട്ടം തുടരും. ആരോപണം വന്നതിന് പിന്നാലെ അമ്മയെ വിളിച്ചപ്പോള്‍ ധൈര്യമായിരിക്കാനാണ് പറഞ്ഞത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും എല്ലാ വഴികളും തേടുമെന്നും നിവിൻ പോളി പറഞ്ഞു.

By admin