ഓണത്തിന് നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേൽക്കുന്ന യൊന്നാണ് അത്ത പൂക്കളം. അത്തം മുതല്‍ പത്ത് നാളാണ് പൂക്കളമൊരുക്കുന്നത്. 
 തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമൊക്കെയായി നാടൻ പൂക്കളാണ് പൂക്കളത്തിനായി ഒരുക്കുന്നത്. 
മുറ്റത്താണ് പൂക്കളമിടുക. അതിനായി മണ്ണ് വൃത്തിയാക്കി തറയൊരുക്കും. അനിഴം നാള്‍ മുതലാണ് അത് ഒരുക്കുക. തറ ശരിയായാല്‍ വട്ടത്തില്‍ ചാണകം മെഴുകും. അത്തത്തിന് തുമ്പപ്പൂ കൊണ്ട് ലളിതമായ പൂക്കളം തീര്‍ക്കും. ചിത്തിരയ്ക്കും വെളുത്ത പൂക്കളാണിടുക. വട്ടത്തിലിടുന്ന കളം ഓരോ ദിവസവും വലുതാകും. ആദ്യ ദിനം മഞ്ഞപ്പൂക്കളായ മുക്കുറ്റിയും കോളാമ്പിയും ഇടുന്നവരുമുണ്ട്.
ചോതി നാള്‍ മുതല്‍ നിറമുള്ള പൂക്കൾ ഇട്ടു തുടങ്ങാം.  
ഒന്നാം ദിനം ഒരു നിര, രണ്ടാം ദിനം രണ്ടു വട്ടം എന്നിങ്ങനെ കളത്തിന്റെ വലിപ്പം കൂടി വരും. 
 മൂലത്തിന് ചതുരത്തില്‍ പൂക്കളമിടണം. മൂലക്കളം എന്ന് പറയും.  
 ചോതി നാള്‍ മുതല്‍ നടുക്ക് വയ്ക്കുന്ന കുട നാലു ഭാഗത്തേക്കും വയ്ക്കാറുണ്ട്. പച്ച ഈര്‍ക്കിലില്‍ പൂവ് കൊരുത്താണ് കുട വെയ്ക്കുക. വാഴത്തടയില്‍ നടുക്ക് കുട വെയ്ക്കുന്ന ചടങ്ങ് തെക്കുണ്ട്.
പൂരാടത്തിന് കള്ളികളായാണ് പൂക്കളം തീർക്കുന്നത്. ഓരോ കള്ളിയിലും ഓരോ പൂക്കള്‍.
ഉത്രാടത്തിന് പത്തു നിറം പൂക്കള്‍. ഏറ്റവും വലിയ പൂക്കളവും ഈ ദിവസമാണ്.
തിരുവോണത്തിന് തുമ്പക്കുടം മാത്രമാണ് ഇടുക. ചിലയിടങ്ങളില്‍ തുളസിയുമുണ്ടാകും. തൃക്കാക്കരയപ്പനെ പൂക്കളത്തില്‍ വയ്ക്കുന്നതും അന്നാണ്. തൃക്കാക്കരയപ്പനെ തുമ്പക്കുടം കൊണ്ട് പൂമൂടല്‍ നടത്തണമെന്നാണ്. 
ഉത്രട്ടാതി വരെ പൂക്കളം നിര്‍ത്തുന്നവരുണ്ട്. മറ്റു ചിലയിടങ്ങളില്‍ രേവതി നാളില്‍ കളത്തിന്റെ അരിക് മുറിച്ചാണ് ഓണപ്പൂക്കളം അവസാനിപ്പിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *