ചെന്നൈ: മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവന്നതിനു പിന്നില്‍ ഡബ്ല്യുസിസിയുടെ പങ്ക് നിര്‍ണായകമെന്ന് നടി രാധിക ശരത്കുമാര്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കുകയായിരുന്നു അവര്‍. അതേസമയം, മലയാള സിനിമ ചിത്രീകരണ സ്ഥലങ്ങളിലെ കാരവനുകളില്‍ ഒളിക്യാമറ ഉപയോഗിച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നതായുള്ള ആരോപണത്തില്‍ കേസ് നല്‍കാനില്ലെന്നാണ് രാധികയുടെ നിലപാട്.
വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘം രാധികാ ശരത്കുമാറിനോടു സംസാരിച്ചെങ്കിലും അവര്‍ മൊഴികൊടുക്കാനോ കേസുമായി മുന്നോട്ടുപോകാനോ തയാറല്ലെന്നറിയിക്കുകയായിരുന്നു. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്നു മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത് താന്‍ നേരിട്ടു കണ്ടെന്നും രാധിക വെളിപ്പെടുത്തി.
ഭയം കാരണം പിന്നീടു ലൊക്കേഷനിലെ കാരവന്‍ ഉപയോഗിച്ചിട്ടില്ല. തനിക്കറിയാവുന്നവരോട് ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കിയെന്നും രാധിക പറഞ്ഞു. ”ഏതു സിനിമയുടെ ലൊക്കേഷനെന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. വിഡിയോ ഞാന്‍ കണ്ടു. ബഹളംവച്ച് ഇക്കാര്യം എല്ലാവരെയും അറിയിച്ചു. ഇതു ശരിയല്ലെന്നും ചെരിപ്പൂരി അടിക്കുമെന്നും പറഞ്ഞു. പിന്നീട് കാരവന്‍ ഒഴിവാക്കി, മുറി എടുക്കുകയായിരുന്നു” രാധിക പറഞ്ഞു.
”സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ക്കും വേണ്ടി വാദിച്ച ഡബ്ല്യുസിസിയുടെ ശ്രമഫലമായാണ് ഹേമ കമ്മിറ്റിയെ വച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് തയാറായി സമര്‍പ്പിക്കപ്പെട്ടിട്ടും അതു പുറത്തുവിടാന്‍ നാലുവര്‍ഷമെടുത്തു. അതും കോടതിയുടെ ഇടപെടല്‍ വന്നതിനുശേഷം. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. മലയാള സിനിമാ വ്യവസായത്തിലെ ഉന്നതങ്ങളിലിരിക്കുന്നവരുടെ പേരുകള്‍ വരെ പുറത്തുവരുന്നു. ഇതെല്ലാം സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടിയാണ്.
എന്റെ സിനിമാ ജീവിതത്തില്‍ നിരവധിക്കാര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതു നമ്മള്‍ ഇടപെട്ട് മാറ്റേണ്ടിയിരിക്കുന്നു. കാലം മാറുകയാണ്. ആളുകളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നു. വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും മാറി. ഇതിനെ നമ്മള്‍ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നതാണ് പ്രധാനം”  അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് അഭിനയിച്ചു എന്ന ചോദ്യത്തിന്, വളരെ മോശമായി പെരുമാറുന്നവര്‍ രാഷ്ട്രീയക്കാരിലുമുണ്ടെന്നും അവരോടു തുടര്‍ന്നും സംസാരിക്കേണ്ടി വരാറുണ്ടെന്നുമായിരുന്നു മറുപടി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *