കുവൈത്ത്: കുവൈത്തില്‍ ആര്‍ട്ടിക്കിള്‍ 18 നമ്പര്‍ താമസ രേഖയിലുള്ള വിദേശികള്‍ സ്വകാര്യ കമ്പനികളില്‍ മാനേജിംഗ് ഡയറക്ടര്‍, ബിസ്സിനസ്സ് പാര്‍ട്ണര്‍ മുതലായ പദവികള്‍ വഹിക്കുന്നതിനുള്ള വിലക്ക് വാണിജ്യ -വ്യവസായ മന്ത്രാലയം പിന്‍വലിച്ചു. 
ബന്ധപ്പെട്ട വ്യത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആര്‍ട്ടിക്കിള്‍ 19 ആം നമ്പര്‍ വിസക്കാര്‍ക്കെന്ന പോലെ 18 ആം നമ്പര്‍ ശുഹൂണ് വിസയിലുള്ള കുവൈത്തിലെ വിദേശികള്‍ക്ക് രാജ്യത്തെ കമ്പനികളില്‍ ഡയറക്ടര്‍മാരാകുന്നതിനും  ബിസിനസ് പങ്കാളികള്‍ ആകുന്നതിനും തടസ്സമുണ്ടാകില്ല .
അതെസമയം 22, 24 എന്നീ ആര്‍ട്ടിക്കിള്‍ നമ്പര്‍ റസിഡന്‍സികളിലുള്ള വിദേശികള്‍ക്കും 20 ആം നമ്പര്‍ റസിഡന്‍സിയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇത് ബാധകമല്ലെന്നും അവര്‍ക്ക് കമ്പനികളിലും സ്ഥാപനങ്ങളിലും ഇത്തരം സ്ഥാനങ്ങള്‍ വഹിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 
വിലക്ക് പിന്‍വലിച്ചുള്ള നിയമം പ്രാബല്യത്തിലായതോടെ ഈ ആഴ്ചയില്‍ തന്നെ ഇതിനുവേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്  ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സിസ്റ്റങ്ങള്‍ വീണ്ടും സജീവമായാല്‍ ആര്‍ട്ടിക്കിള്‍ 18 ഉം 19 ഉം കൈവശമുള്ളവര്‍ ഉടമസ്ഥരും ഡയറക്ടര്‍മാരുമായ നിലവിലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വീണ്ടും അനുമതി ലഭിക്കും.
നിരോധനം ഏര്‍പെടുത്തുന്നതിന് മുമ്പ് പിന്തുടരുന്ന നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി എല്ലാ കമ്പനികളും സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യും. ഇതനുസരിച്ച്  ബിസിനസ് പങ്കാളികള്‍ ആയോ മാനേജിങ് ഡയരക്ടര്‍ മാരിലോ ആര്‍ട്ടിക്കിള്‍ 18-ന് കീഴില്‍ വരുന്നവര്‍ മേല്‍നോട്ടം വഹിക്കുന്ന നിലവിലുള്ള സ്ഥാപനങ്ങളുടെയും പുതിയ ലൈസന്‍സുമായി തുടങ്ങുന്ന സ്ഥാപനങ്ങളുടെയും പൊരുത്തക്കേടിനെ അടിസ്ഥാനമാക്കിയുള്ള ക്ലോസ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുമെന്ന് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 
ഇക്കാര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ  ഈ നിര്‍ദേശവും മേല്‍നോട്ടവും നിലനില്‍ക്കും. രാജ്യത്തെ 45000 കമ്പനികളില്‍  10000 ഓളം വിദേശികള്‍ പാര്‍ട്ണര്‍മാരോ പങ്കാളികളോ  ആയി ജോലി ചെയ്യുന്നുണ്ടെന്നാണ് മാനവശേഷി മന്ത്രാലയം കണ്ടെത്തിയത് .
ഒരേ സമയം കമ്പനി ഉടമകളും അതെ കമ്പനികളില്‍ തന്നെ തൊഴിലാളികളുമാകുന്നതിന്റെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാസം അധികൃതര്‍ ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് . 
എന്നാല്‍ ഇത്തരം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ലൈസന്‍സ് മരവിപ്പിക്കുന്നത് മൂലധന-നിക്ഷേപങ്ങള്‍ വിദേശത്തേക്ക് ഒഴുകാന്‍ കാരണമാകുമെന്ന ആക്ഷേപം മുഖവിലക്കെടുത്ത വാണിജ്യ മന്ത്രാലയം ഇക്കാര്യത്തില്‍ വീണ്ടും പഴയ സ്ഥിതി പുനഃസ്ഥാപിക്കുകയായിരുന്നു .

By admin

Leave a Reply

Your email address will not be published. Required fields are marked *