തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസ്. ബിജെപിയിൽ ചേരാൻ ഇ പി ജയരാജൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബിജെപി സംസ്ഥാന ഘടകം അത് ആലോചിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു. സിപിഐഎമ്മിൽ പവർ ഗ്രൂപ്പ് രൂപപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേച്ഛാധിപത്യ നിലപാടുമായി ബന്ധപ്പെട്ടാണ് ഇപി ഒതുക്കപ്പെടുന്നത് എന്നുള്ള ആരോപണം ഉയർന്നിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മും എൽഡിഎഫുമാണ്. ഇത് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയതാണ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള കാരണമെന്ന് സിപിഐഎം ഇതുവരെ പറഞ്ഞിട്ടില്ല. മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായി സംസാരിച്ചതിന് പുറത്താക്കുകയെന്നത് നേരത്തെ സാമൂഹിക രംഗത്തുണ്ടായ അയിത്തം രാഷ്ട്രീയ രംഗത്തുമുണ്ടായിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഇ പി ജയരാജന്റെ പ്രതികരണവും വന്നിട്ടില്ല. ഇ പി കേന്ദ്ര കമ്മിറ്റി അംഗമാണ്. പാർട്ടിയിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.
പ്രകാശ് ജാവ്‌ദേക്കറുമായി സംസാരിച്ചതിന്റെ പേരിലല്ല മാറ്റി നിർത്തൽ എന്നാണ് താൻ മനസ്സിലാക്കുന്നത്. സിപിഐഎമ്മിൽ പവർ ഗ്രൂപ്പ് രൂപപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേച്ഛാധിപത്യ നിലപാടുമായി ബന്ധപ്പെട്ടാണ് ഇപി ഒതുക്കപ്പെടുന്നത് എന്നുള്ള ആരോപണം ഉയർന്നു. കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ഇപി ജയരാജൻ ഒതുക്കപ്പെടേണ്ടയാളല്ല. ജയരാജൻ തീരുമാനിക്കട്ടെ,’ കൃഷ്ണദാസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed