യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫലം മാറി മറിഞ്ഞു നിർണായകമാവുന്ന സ്വിങ് സ്റ്റേറ്റുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസ് ഒരു മാസം കൊണ്ടു നല്ല മുന്നേറ്റം നടത്തിയതായി റിപ്പബ്ലിക്കൻ ചായ്‌വുള്ള ഫോക്സ് ന്യൂസ് നടത്തിയ സർവേയിൽ കണ്ടെത്തി. മത്സരം ഇപ്പോഴും കടുത്തു തന്നെ നിൽക്കുന്നുവെങ്കിലും ജൂണിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ജോ ബൈഡനെ വ്യക്തമായി പിന്നിലാക്കിയിരുന്ന സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ഹാരിസിന്റെ മുന്നേറ്റം. ജൂലൈ 21നാണു ഹാരിസിനു വഴിയൊരുക്കി ബൈഡൻ മത്സരം വിട്ടത്.
യുദ്ധഭൂമികൾ എന്നു വിളിക്കപ്പെടുന്ന സ്റ്റേറ്റുകളിൽ അരിസോണ, ജോർജിയ, നെവാഡ, നോർത്ത് കരളിന എന്നിവിടങ്ങളിൽ ജൂൺ-ജൂലൈയിൽ ബൈഡൻ ശരാശരി 5% പിന്നിലായിരുന്നു. എന്നാൽ ഇപ്പോൾ ട്രംപിന്റെ ലീഡ് ഹാരിസ് തുടച്ചു നീക്കി.അരിസോണയിൽ ഹാരിസ് 1% ലീഡ് നേടി: 50–49. ജോർജിയയിലും നെവാഡയിലും 2% ലീഡ്: 50–48.നോർത്ത് കരളിനയിൽ ട്രംപിനു ഒരു പോയിന്റ് ലീഡുണ്ട്: 50–49. നാലു സ്വിങ് സ്റ്റേറ്റുകളിലും റജിസ്റ്റർ ചെയ്ത 1,000 വോട്ടർമാരെയാണ് ഫോക്സ് സർവേ ചെയ്തത്. ഓഗസ്റ്റ് 23-26 നു ആയിരുന്നു പോളിംഗ്. ഓരോ പോളിനും 3% പിഴവ് സാധ്യതയുണ്ട്.ഫോക്സ് ന്യൂസ് പോളിംഗ് ‘ദാരുണ’മാണെന്നു (atrocious) ട്രംപ് കാമ്പയ്ൻ പറഞ്ഞു. 2020ൽ അവർ പറഞ്ഞതൊക്കെ പൊളിയായിപ്പോയി. അന്നു ബൈഡൻ 10% മാർജിനിൽ അരിസോണ നേടുമെന്നു ഫോക്സ് പറഞ്ഞു.
പക്ഷെ ഭൂരിപക്ഷം വെറും 0.3% ആയിരുന്നു: 49.4 — 49.1.പോളിംഗ് വിശകലനം ചെയ്യുന്ന കുക്ക് പൊളിറ്റിക്കൽ റിപ്പോർട്ട് പറയുന്നത് ഹാരിസ് കാറ്റിന്റെ ഗതി മാറ്റി എന്ന് തന്നെയാണ്. റിപ്പബ്ലിക്കൻ പക്ഷത്തേക്കു ചാഞ്ഞു നിന്ന നോർത്ത് കരളിന ഇപ്പോൾ പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയിലായി. മിനസോട്ടയും ന്യൂ ഹാംപ്‌ഷെയറും ഡെമോക്രാറ്റിക് ചായ്‌വ് പ്രകടമാക്കുന്നു.ദേശീയ തലത്തിൽ ഹാരിസിന് 3.3% ലീഡ് ഉണ്ടെന്നു ഫൈവ്തിർട്ടിഎയ്റ്റ് പറയുന്നു.