കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് ഒരു പൊതുരൂപമുണ്ട്. എന്നാല്‍ അത്തരം രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായ ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. അതില്‍ ഒരു വിഭാഗമാണ് ഗുഹാക്ഷേത്രങ്ങള്‍. കേരളത്തിലെ പ്രശസ്തമായ ഗുഹാക്ഷേത്രങ്ങള്‍ പരിചയപ്പെടാം
 
1. കോട്ടുക്കൽ ഗുഹാക്ഷേത്രം
 
കൊല്ലം ജില്ലയിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കല്ലിൽ കൊത്തിയെടുത്തിട്ടുള്ള ഈ ഗുഹാക്ഷേത്രത്തിന്റെ സംരക്ഷണം കേരളസർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. കുറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ശിവക്ഷേത്രത്തിന്റെ നിർമ്മാണ കാലഘട്ടം അജ്ഞാതമാണ്.
കൊല്ലം ജില്ലയിലെ അഞ്ചലിൽ നിന്ന് ഈ ക്ഷേത്രത്തിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം. അഞ്ചലിന് സമീപത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിലാണ് കോട്ടുക്കൽ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.
 
2. തൃക്കകുടി ഗുഹാക്ഷേത്രം
 
പത്തനംതിട്ടയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ ഈ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രമാണ് തൃക്കവിയൂർ മഹാദേവ ക്ഷേത്രം. ഈ ക്ഷേത്രത്തിന് സമീപത്തയാണ് തൃക്കകുടി ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് പൊതുവെ കരുതപ്പെടുന്ന ഈ ഗുഹാക്ഷേത്രം ഇവിടെ എത്തുന്ന സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. പല്ലവകാലത്തെ കരിങ്കൽശി‌ൽപ്പങ്ങൾ പോലെ ഈ ക്ഷേത്രവും കരിങ്കൽ തുരന്നാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
തിരുവല്ലയിൽ നിന്ന് വളരെ എളുപ്പത്തിൽ കവിയൂരിൽ എത്തിച്ചേരാം. തിരുവല്ലയാണ് ഏറ്റവും അടുത്തുള്ള റെയിൽവെസ്റ്റേഷൻ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ നിന്നും ഇവിടേയ്ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം
 
3. തൃക്കൂർ മഹാദേവ ക്ഷേത്രം
 
തൃശൂർ ജില്ലയിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ഗുഹാക്ഷേത്രം മുൻപ് ജൈനക്ഷേത്രമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ ഇതൊരു ശിവക്ഷേത്രമാണ്. 1966 മുതൽ പുരവസ്തുവകുപ്പിന്റ് സംരക്ഷണതയിലാണ് ഈ ക്ഷേത്രം.
തൃശൂർ ജില്ലയിലെ തൃക്കൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
 
4. വിഴിഞ്ഞം ഗുഹാക്ഷേത്രം
 
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വലിയ ഉരുളൻ കല്ല് തുരന്നാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ആയ് രാജ വംശ കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ആയ് രാജ വംശത്തിന്റെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം.
വീണാധാര ദക്ഷിണാമൂർത്തിയുടെ ചെറിയ ഒരു ശില്പം ഗുഹയുടെ ഉള്ളിലുണ്ട്. ഗുഹയുടെ കവാടത്തിലെ ഭിത്തികളിൽ ഒരു വശത്ത് ശിവന്റെ കിരാത രൂപവും മറുവശത്ത് ശിവപാർവതി രൂപവും കൊത്തിവച്ചിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ ക്ഷേത്രം സംരക്ഷിത പ്രദേശമാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *