ഡൽഹി: ഡൽഹി മദ്യനയ കേസിലെ അറസ്റ്റിനെ ചോദ്യം ചെയ്ത് എഎപി നേതാവ് സഞ്ജയ് സിംഗ് ഹൈക്കോടതിയെ സമീപിച്ചു. മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സിംഗ് ഹൈകോടതിയെ സമീപിച്ചത്. വിചാരണക്കോടതി നൽകിയ റിമാൻഡിനെയും അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം ഡൽഹി ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. ഡൽഹി മദ്യ കുംഭകോണക്കേസിൽ ഒക്‌ടോബർ നാലിനാണ് എഎപി നേതാവിനെ ഡൽഹിയിലെ വസതിയിൽ നടത്തിയ പരിശോധനയ്‌ക്ക് ശേഷം ഇഡി അറസ്റ്റ് ചെയ്തത്.
പരിശോധനയ്ക്കിടെ ഏജൻസി കണ്ടെത്തിയ കണ്ടെത്തലിന്റെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഡൽഹി കോടതി സിംഗിനെ റിമാൻഡ് ചെയ്തത്. പ്രത്യേക ജഡ്ജി എംകെ നാഗ്പാലിന്റെതാണ് ഉത്തരവ്.
ഡൽഹി മദ്യനയ രൂപീകരണത്തിനായി രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയതിൽ സഞ്ജയ് സിംഗിന് നേരിട്ട് ബന്ധമുണ്ടെന്ന് ഇഡി ആരോപിച്ചു. കുറ്റാരോപിതനായ ദിനേഷ് അറോറയിൽ നിന്നാണ് സഞ്ജയ് സിംഗ് പണം കൈപ്പറ്റിയതെന്നും അന്വേഷണ ഏജൻസി കോടതിയിൽ അറിയിച്ചു.
ഒരു വർഷത്തിനിടെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ എഎപി നേതാവാണ് സഞ്ജയ് സിംഗ്. അദ്ദേഹത്തിന് പുറമെ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും വെവ്വേറെ കേസുകളിൽ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.