തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളടക്കം ഇതുവരെ പുറത്തുവന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് 4 വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘം അന്വേഷിക്കുമെങ്കിലും കേസെടുക്കുക പരാതി നൽകിയാൽ മാത്രം. നടൻ സിദ്ധിഖിനെതിരേ ആരോപണമുന്നയിച്ച യുവനടിയോട് സംഘത്തിലെ എസ്.പി വിവരങ്ങൾ തേടി. പരാതി നൽകാൻ അവർ സന്നദ്ധത അറിയിച്ചു.
ഇതോടെ സിദ്ധിഖിനെതിരേ ഉടൻ കേസെടുക്കുമെന്ന് ഉറപ്പായി. യുവനടി പ്ലസ്ടു പഠിക്കുന്ന കാലത്തുണ്ടായ സംഭവമാണ് വെളിപ്പെടുത്തിയത്. അതിനാൽ പോക്സോ കേസിനും സാദ്ധ്യതയുണ്ട്.
പരാതിയുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയെന്ന് അന്വേഷണ സംഘത്തിലെ ഉന്നതൻ പറഞ്ഞു. അതേസമയം, സൂപ്പർ സ്റ്റാറിനെതിരേ ആരോപണം ഉന്നയിച്ച നടി സോണിയ പരാതി നൽകാനില്ലെന്നും നിയമനടപടികളുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി.
പ്രത്യേക സംഘത്തിലെ എസ്.പി ജി.പൂങ്കുഴലി ഫോണിൽ വിളിച്ചപ്പോഴാണ് പരാതി നൽകാനില്ലെന്ന് നടി അറിയിച്ചത്. സിനിമാ സെറ്റിൽ നേരിട്ട അതിക്രമത്തിന് കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണ് നടി സോണിയ മൽഹാർ അറിയിച്ചത്. 2013ൽ അന്നത്തെ സൂപ്പർസ്റ്റാർ കടന്നുപിടിച്ചെന്നായിരുന്നു ആരോപണം.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ലൈംഗിക ആരോപണമടക്കമുള്ള അതിക്രമങ്ങളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കില്ല. ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക സംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേരുകയാണ്. അന്വേഷണ രീതികൾ ഈ യോഗത്തിൽ തീരുമാനിക്കും. ലൈംഗിക അതിക്രമമടക്കം നേരിട്ടെന്ന് വെളിപ്പെടുത്തിയവരെ നേരിൽകണ്ട് മൊഴിയെടുത്ത്, അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനാവും തീരുമാനം.
വെളിപ്പെടുത്തലുകളിൽ ഉറച്ചുനിൽക്കുകയും നിയമനടപടികളുമായി സഹകരികരിക്കാൻ സന്നദ്ധരാവുകയും ചെയ്യുന്നെങ്കിലേ അന്വേഷണം തുടരൂ. വിചാരണാ വേളയിൽ മൊഴിമാറ്റുന്നതും തെളിവില്ലാതെ കേസ് ചീറ്റിപ്പോവുന്നതും ഒഴിവാക്കാനാണിത്.
ഡി.ജി.പിക്ക് ലഭിച്ച 13പരാതികളും മുഖ്യമന്ത്രിക്ക് ലഭിച്ച ഒരെണ്ണവും പ്രത്യേകസംഘത്തിന് കൈമാറും. സംവിധായകൻ വി.കെ.പ്രകാശിനെതിരായി യുവകഥാകാരിയാണ് മുഖ്യമന്ത്രിക്ക് പരാതിനൽകിയത്. സംഘത്തിലെ വനിതാഉദ്യോഗസ്ഥരായ ഡി.ഐ.ജി എസ്.അജീതാബീഗം, എസ്.പിമാരായ ജി.പൂങ്കുഴലി, മെറിൻജോസഫ്, ഐശ്വര്യഡോംഗ്രെ എന്നിവരാവും നേരിട്ടുള്ള അന്വേഷണവും മൊഴിയെടുപ്പും തെളിവെടുപ്പും നടത്തുക.
ഇവരുടെ നേതൃത്വത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംഘമുണ്ടാവും. എ.ഡി.ജി.പി എച്ച്.വെങ്കടേശും ഐ.ജി ജി.സ്പർജ്ജൻകുമാറുമടക്കം മേൽനോട്ടവും ഏകോപനവും നിർദ്ദേശങ്ങളും നൽകും. ആരോപണങ്ങളുന്നയിച്ചവരെ സംഘം നേരിൽകാണും. പരാതിയുണ്ടെങ്കിൽ കേസെടുക്കും. വ്യക്തമായ തെളിവുകളുണ്ടെങ്കിൽ പരാതിയില്ലെങ്കിലും സ്വമേധയാ കേസെടുക്കാം.
ഹേമാകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കേസുകളെടുക്കില്ല. ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണവുമുണ്ടാവില്ല. അതിക്രമം നേരിട്ടവർക്ക് സ്റ്റേഷനിലെത്താതെ പ്രത്യേകസംഘത്തോട് രഹസ്യമായി മൊഴിനൽകാനും സംവിധാനമൊരുക്കും.
അതേസമയം, നടിമാരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പരാതിയില്ലാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിയമപരമായ എല്ലാ സാഹചര്യങ്ങളും നിലനിൽക്കെ പരാതി വേണമെന്ന പോലീസ് നിലപാട് വിമർശിക്കപ്പെടുന്നു. റിപ്പോർട്ടിന്‍റെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമായും സംശയിക്കാവുന്ന അറിവ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാവുന്നതേയുള്ളൂ.
അന്വേഷണ കമ്മീഷനുകളുടെ സ്വഭാവമോ വെളിപ്പെടുത്തൽ നടത്തുന്ന വേദിയോ സമയമോ കുറ്റകൃത്യത്തിന്‍റെ കാലപ്പഴക്കമോ ഒന്നും കേസെടുക്കുന്നതിൽനിന്ന് ഇളവ് അനുവദിക്കുന്നില്ല. ഗുരുതര കുറ്റകൃത്യം (ജാമ്യമില്ലാ കുറ്റം) സംബന്ധിച്ച് കേവല വിവരം ലഭിച്ചാൽ പോലും ക്രിമിനൽ നടപടിച്ചട്ടം 154(1) പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ലളിതകുമാരി കേസിൽ സുപ്രീംകോടതി നിർദേശിച്ചത്.
ഗൗരവമുള്ള കേസല്ലെന്ന സംശയമുണ്ടെങ്കിൽ പ്രാഥമികാന്വേഷണം ആവാമെന്നും പിന്നീട് അന്വേഷണത്തിൽ ഇത് ജാമ്യമില്ല കുറ്റത്തിന്‍റെ പരിധിയിൽ വരുമെന്ന് കണ്ടാലുടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ലഭിച്ച വിവരത്തിന്‍റെ ആധികാരികത പരിശോധിക്കാനല്ല, ഗുരുതര കുറ്റകൃത്യം വെളിപ്പെടുത്തുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ മാത്രമാണ് പ്രാഥമികാന്വേഷണം.
നിയമപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസറാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടത്. ഐ.പി.എസ്. ഉദ്യോഗസ്ഥർ അന്വേഷണസംഘത്തിൽ ഉൾപ്പെടുമ്പോൾ ഇക്കാര്യത്തിൽ എസ്.എച്ച്.ഒ.യ്ക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടാകും. കേസ് എവിടെ രജിസ്റ്റർ ചെയ്യുമെന്നതിൽ ആശയക്കുഴപ്പമുണ്ടാവും. ലളിതകുമാരി കേസിൽ പോലീസിന് കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യത്തെക്കുറിച്ച് (കൊഗ്നസിബിൾ ഒഫൻസ്) വിവരം ലഭിച്ചാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യത്തിൽ പ്രാഥമികാന്വേഷണം ആവശ്യമില്ലെന്നും 2013-ലെ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിൽ സീറോ എഫ്.ഐ.ആർ. എന്ന വകുപ്പ് ഉൾപ്പെടുത്തിയതുപോലും ഈ ഉത്തരവിന്റെ തുടർച്ചയായിട്ടാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.