ബെംഗളൂരു: രേണുക സ്വാമി കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ നടപടി.
സംഭവത്തിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജയിലർ ഉൾപ്പടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്.
ജയിലിൽ ദർശന് ബെഡ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
ദർശനെ ജയിൽ മാറ്റാനാണ് സാധ്യത. വിൽസൺ ഗാർഡൻ നാഗ എന്ന കുപ്രസിദ്ധ ഗുണ്ടയാണ് ദർശന്റെ ജയിലിലെ സുഹൃത്ത്. പബ്ലിസിറ്റിക്കു വേണ്ടി ഇയാളുടെ ആളുകൾ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നതും വിവാദമായതും.
വീഡിയോ കോൾ ചെയ്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നതും ജയിൽ വളപ്പിൽ കൂട്ട് പ്രതികൾക്കൊപ്പമിരുന്ന് ചായകുടിക്കുന്നതും പുക വലിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.