പ്രവാസികളുടെ കണ്ണീർ കാണാൻ ആരുമില്ലേ? വിവേചനമാണെന്നും ഇടപെടുമെന്നും ഷാഫി പറമ്പിൽ, പ്രത്യേക പരിപാടി

തിരുവനന്തപുരം: വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയ സംഭവത്തിൽ പ്രത്യേക പരിപാടിയുമായി ഏഷ്യാനെറ്റ് ന്യൂസ്. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരും ഈ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നുണ്ടെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. സർക്കാരിന്റെ മറുപടി തൃപ്തികരമല്ല. ചൂഷണമാണെന്നതിൽ സംശയമില്ല. കാലാകാലങ്ങളായി തുടരുന്ന പ്രയാസങ്ങളാണ് പറഞ്ഞതെന്നും ഷാഫി പറമ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചു. ബാ​ഗേജ് കുറച്ചതുമായും ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ഇവിടെ മാത്രം ഇത്തരത്തിലുള്ള കുറവ് വരുന്നത് വിവേചനമാണ്. ഒരുപാട് ആളുകളാണ് വിഷയത്തിൽ മെസേജ് അയക്കുന്നത്. മന്ത്രിയോടും സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്രവാസികളുടെ വിഷയത്തിൽ ഇടപെടുമെന്ന് പികെ കു‍ഞ്ഞാലിക്കുട്ടി എംഎൽഎയും പ്രതികരിച്ചു. ഇത് വലിയ കൊള്ളയാണ്. വർഷത്തിൽ ഒരു തവണയൊക്കെ ലീവ് കിട്ടുന്ന സാധാരണക്കാരായ തൊഴിലാളികളാണ് ഇരയാവുന്നത്. അത് മുഴുവൻ കൊടുക്കേണ്ടി വരികയാണ്. പാർലെമന്റിന് അകത്തും പുറത്തും വിഷയത്തിൽ പ്രതിഷധിക്കും. 29ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്. അന്ന് ഇക്കാര്യം സംസാരിക്കുമെന്നും പികെ കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നത് കാരണം മടക്കയാത്ര നീട്ടിവെക്കുന്ന നിരവധി പ്രവാസി കുടുംബങ്ങളുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാര്‍ പറയുന്നത്. യാത്ര ആവശ്യമുള്ള നിരവധി പേര്‍ ഉള്ളതിനാല്‍ വേനൽ അവധി കഴിഞ്ഞു വരുന്ന സീസണില്‍ വിമാനകമ്പനികള്‍ തോന്നിയ പോലെ ടിക്കറ്റ് നിരക്ക് ഈടാക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവര്‍ക്കാണ് കൂടുതല്‍ പ്രതിസന്ധിയെന്നും അല്‍ഹിന്ദ് ഗ്രൂപ്പ് എംപിഎം മുബഷീര്‍ പ്രതികരിച്ചു.

മാനംമുട്ടി ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ്; കുടുംബത്തോടൊപ്പം നാട്ടിലെത്തി മടങ്ങാൻ ലക്ഷങ്ങൾ വേണം പ്രവാസിക്ക്

https://www.youtube.com/watch?v=QJ9td48fqXQ

By admin