ചെന്നൈ ∙ ദീർഘദൂര എസ്ഇടിസി ബസുകളിൽ ഓണയാത്രയ്ക്കുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യം.കേരളത്തിലേക്കുള്ള ട്രെയിനുകളിലും കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്തവർക്ക് എസ്ഇടിസി ബസുകളിൽ എത്രയും വേഗം ടിക്കറ്റ് എടുത്ത് സീറ്റുകൾ ഉറപ്പാക്കാം.
ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു ടിക്കറ്റുള്ളത്. അതേസമയം, ചെന്നൈയിൽ നിന്നു കോയമ്പത്തൂർ, കന്യാകുമാരി, തേനി തുടങ്ങിയ അതിർത്തി ജില്ലകളിലേക്കുള്ള തമിഴ്നാട് ബസുകളിൽ യാത്ര ചെയ്തു കേരളത്തിലേക്കു പോകുന്നതിനും സൗകര്യമുണ്ട്.
ചെന്നൈയിൽ നിന്നു കോയമ്പത്തൂരിലേക്ക് രാവിലെ 9 മുതൽ രാത്രി 10.45 വരെ 14 ബസുകളാണു ദിവസേന സർവീസ് നടത്തുന്നത്. എസി, നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് ധാരാളം കെഎസ്ആർടിസി ബസുകൾ ലഭ്യമാണ്. ഗാന്ധിപുരം, ഉക്കടം എന്നിവിടങ്ങളിൽ നിന്നാണു ബസുകൾ പുറപ്പെടുക. തൃശൂർ അടക്കം മറ്റു ചിലയിടങ്ങളിലേക്കും ബസുകൾ ലഭ്യമാണ്. എസ്ഇടിസിക്കു പുറമേ സ്വകാര്യ ബസുകളും കേരളത്തിലേക്കു സർവീസ് നടത്തുന്നുണ്ട്.