ഡൽഹി: ‘ഓപ്പറേഷൻ അജയ്’ ദൗത്യത്തിന്റെ ഭാഗമായി ഇസ്രായേലിൽ നിന്ന് 212 ഇന്ത്യൻ പൗരന്മാരുമായി ആദ്യ ചാർട്ടർ വിമാനം ഡൽഹി വിമാനത്താവളത്തിലെത്തി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇസ്രായേലിൽ നിന്നെത്തിയവരെ സ്വീകരിച്ചു.വിമാനം വ്യാഴാഴ്ച വൈകുന്നേരം ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെട്ടത്. യാത്രക്കാരിൽ 211 മുതിർന്ന പൗരന്മാരും ഒരു കുഞ്ഞും ഉണ്ടായിരുന്നു.
ഗാസയിൽ നിന്ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിച്ചത്. തുടർന്ന് ഇസ്രായേൽ ഗാസയിൽ വൻ പ്രത്യാക്രമണം നടത്തി. 2,500-ലധികം ആളുകളാണ് ഇതിനകം ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
ഇസ്രായേലിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരിൽ ഒരാൾ സർക്കാരിന് നന്ദി പറഞ്ഞു.
“ഇതാദ്യമായാണ് ഞങ്ങൾ അവിടെ ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്. തിരികെയെത്തിച്ചതിന് ഇന്ത്യൻ സർക്കാരിനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു. അവിടെ പെട്ടെന്ന് സമാധാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, എങ്കിലേ ഞങ്ങൾക്ക് തിരികെ പോകാൻ കഴിയൂ.”- യാത്രക്കാരൻ എഎൻഐയോട് പറഞ്ഞു.
ഒരു കുഞ്ഞിനെയും കൊണ്ടുവന്ന യാത്രക്കാരി ഇസ്രായേലിലെ സ്ഥിതി വിവരിച്ചു.
” രാവിലെ 6.30 ന് ഉറങ്ങി കിടക്കുമ്പോഴാണ് സൈറൺ മുഴങ്ങുന്നത് കേൾക്കുന്നത്. ഞങ്ങൾ അഭയകേന്ദ്രത്തിലേക്ക് ഓടി, ബുദ്ധിമുട്ടായിരുന്നു. പക്ഷെ കൈകാര്യം ചെയ്തു. ഇപ്പോൾ സമാധാനമായി. സർക്കാരിനോട് നന്ദി പറയുന്നു.”- അവർ എഎൻഐയോട് പറഞ്ഞു.