കീവ്: യുക്രെയ്‌ൻ ദേശീയ പതാക ദിനത്തില്‍ യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് നന്ദി അറിയിച്ച് പ്രസിഡന്‍റ് വോളോഡിമര്‍ സെലൻസ്‌കി.
ദേശീയ പതാക ദിനത്തില്‍ പെൻ്റഗൺ പ്രഖ്യാപിച്ച പുതിയ സൈനിക പാക്കേജിനാണ് സെലന്‍സ്‌കി നന്ദി അറിയിച്ചത്. 125 ദശലക്ഷം യുഎസ് ഡോളറിൻ്റെ സൈനിക സഹായമാണ് യുഎസ് പുതിയതായി പ്രഖ്യാപിച്ചത്.
റഷ്യയുമായുളള യുദ്ധം ആരംഭിച്ചത് മുതല്‍ ബൈഡൻ സര്‍ക്കാര്‍ യുക്രെയ്‌നിന് നല്‍കുന്ന 64ാമത്തെ സൈനിക സഹായമാണിത്. യുക്രെയ്‌നിന്‍റെ അടിയന്തര സൈനിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായകമാകുന്നതാണ് പുതിയ പാക്കേജ്.
കൌണ്ടർ-അൺമാൻഡ് ഏരിയൽ സിസ്റ്റംസ് (സി-യുഎഎസ്) ഉപകരണങ്ങള്‍, യുദ്ധോപകരണങ്ങള്‍, 155 എംഎം, 105 എംഎം പീരങ്കി വെടിയുണ്ടകൾ, ഹൈ മൊബിലിറ്റി മൾട്ടി പർപ്പസ് വീൽ വെഹിക്കിൾ (എച്ച്എംഎംഡബ്ല്യൂവി) ആംബുലൻസുകൾ എന്നിവയാണ് പാക്കേജിൽ പ്രഖ്യാപിച്ച ചില പ്രധാന ഉപകരണങ്ങൾ.
യുദ്ധത്തിന് റഷ്യയെ സഹായിച്ചുവെന്ന് ആരോപിച്ച് റഷ്യയ്‌ക്ക് അകത്തും പുറത്തുമുളള 400 ഓളം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി.
യുദ്ധത്തിൻ്റെ ആദ്യ നാളുകൾ മുതൽ യുഎസ് നല്‍കിയ സമ്പൂർണ പിന്തുണക്ക് യുക്രെനിയൻ ജനത നന്ദിയുളളവരാണ്.
ഞങ്ങളെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താന്‍ ഇത് സഹായകമായി. യുഎസ് ഏര്‍പ്പെടുത്തിയ രണ്ടാം റൗണ്ട് ഉപരോധത്തിനും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. റഷ്യയ്‌ക്ക് മുകളില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.