തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ കേസെടുക്കില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ.
ആക്ഷേപത്തിൽ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. “സർക്കാർ ഇരയ്ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല.
പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കും. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാൽ നടപടി എടുക്കാൻ രേഖമൂലം പരാതി വേണം.
നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ കഴിയു. മാധ്യമങ്ങൾ വഴി ഉന്നയിച്ച മൊഴിയിൽ കേസെടുക്കാൻ കഴിയില്ല”-സജി ചെറിയാൻ പറഞ്ഞു.
“ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ സംബന്ധിച്ച് കേസ് എടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാൽ പരാതി നൽകിയാൽ ഏത് ഉന്നത ആണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ല.
പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത് പൊലീസാണ്. ആരോപണം ഉയർന്നപ്പോൾ രഞ്ജിത്ത് മറുപടി പറഞ്ഞു. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സർക്കാരിന്റെ മുന്നിലുള്ളത്.
ഇക്കാര്യത്തിൽ പരാതി വന്നാൽ നടപടി ഉണ്ടാകു. രഞ്ജിത്തുമായി താൻ സംസാരിച്ചോ എന്നത് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ല”-മന്ത്രി പറഞ്ഞു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
“ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞത്. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല”-നടി പറഞ്ഞു.