ബഹിരാകാശത്ത് പത നുരഞ്ഞുപൊങ്ങിയാല്‍ എന്ത് സംഭവിക്കും; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ബഹിരാകാശ ഫോമുകളെ (പത) പറ്റി കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലാത്തവർക്കും അതിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്‍പര്യമുള്ളവർക്കും കൗതുകം പകരുന്ന വീഡിയോ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. ഭൂമിയെയും ബഹിരാകാശത്തെയും കുറിച്ചുള്ള വിദ്യാഭ്യാസ വീഡിയോകളും ആകർഷകമായ ചിത്രങ്ങളും കാണാൻ ഇഷ്ടപ്പെടുന്നവരെ കേന്ദ്രീകരിച്ചുള്ളതാണ് ഈ പോസ്റ്റ്. ബഹിരാകാശത്ത് പത എങ്ങനെയാണ് നിലകൊള്ളുക എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വീഡിയോയിലൂടെ യൂറോപ്യൻ ബഹിരാകാശ ഏജൻസി നല്‍കുന്നത്. 

ബഹിരാകാശത്ത് ഫോമുകള്‍ക്ക് എന്ത് മാറ്റമുണ്ടാകും?

ഒരു ദ്രാവകത്തില്‍ വാതകത്തിന്‍റെ പോക്കറ്റുകൾ കുടുങ്ങി രൂപപ്പെടുന്ന വസ്‌തുക്കളാണ് ഫോമുകൾ അഥവാ പത എന്ന് പറയുന്നത്. ഭൂമിയിലായിരിക്കുമ്പോൾ ഈ പതകള്‍ വേഗത്തിൽ പഴയ ദ്രാവക രൂപത്തിലേക്ക് രൂപമാറ്റം വരാൻ തുടങ്ങുമെന്നും എന്നാല്‍ ബഹിരാകാശത്ത് പത കൂടുതൽ സമയം നിലനില്‍ക്കുന്നതായും യൂറോപ്യൻ ബഹിരാകാശ ഏജൻസി വിശദീകരണത്തിൽ പറയുന്നു. 

‘ഭൂമിയിലായിരിക്കുമ്പോള്‍ പത സൃഷ്ടിക്കുന്ന വാതകത്തിന്‍റെയും ദ്രാവകത്തിന്‍റേയും മിശ്രിതത്തിന് വേഗം രൂപമാറ്റമുണ്ടാകുന്നു. ഗുരുത്വാകർഷണം കുമിളകൾക്കിടയിലുള്ള ദ്രാവകത്തെ താഴേക്ക് വലിക്കുന്നു. ഇതോടെ ചെറിയ കുമിളകൾ ചുരുങ്ങുന്നു. വലിയവ മറ്റുള്ളവരുടെ ആശ്രയിച്ച് വളരുന്നു. ഗുരുത്വാകർഷണം മൂലം കുമിളകൾക്ക് ശക്തി നഷ്ടപ്പെടുകയും പൊട്ടുകയും വീണ്ടും ദ്രാവകാവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് ഭൂമിയില്‍ നടക്കുന്നത്’- യൂറോപ്യൻ ബഹിരാകാശ ഏജൻസി വിശദീകരിക്കുന്നു.  

‘എന്നാൽ ബഹിരാകാശത്ത് ഫോമുകള്‍ കൂടുതൽ സ്ഥിരതയുള്ളതാണ്. ഭാരമില്ലായ്മയിൽ ദ്രാവകം അടിയിലേക്ക് ഒഴുകുന്നില്ല എന്നതാണ് കാരണം’ എന്നും യൂറോപ്യൻ ബഹിരാകാശ ഏജൻസി കൂട്ടിച്ചേര്‍ത്തു. ബഹിരാകാശ യാത്രികനായ ഫ്രാങ്ക് ഡി വിൻ 2009-ൽ ഒരു ഫോം-സ്റ്റെബിലിറ്റി പരീക്ഷണം നടത്തിയിരുന്നു. സീറോ ഗ്രാവിറ്റിയില്‍ സൂപ്പര്‍-സ്റ്റേബിളായ പത സൃഷ്ടിക്കാനായേക്കും എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായും യൂറോപ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കി.

Read more: ബുക്ക് ചെയ്യാന്‍ തയ്യാറായിക്കോ; ഐഫോണ്‍ 16 സിരീസിന് ഇന്ത്യയില്‍ വില കുറഞ്ഞേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin