തിരുവനന്തപുരം: സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂര്‍ സ്വദേശി വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും വിശദീകരണം നല്‍കണം. കമ്മിറ്റി റിപ്പോര്‍ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ചാണ് വിശദീകരിക്കേണ്ടതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ പുറത്തുവിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും കമ്മീഷനില്‍ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, മലയാള സിനിമാ വ്യവസായ മേഖലയില്‍ നടക്കുന്നത് വ്യാപകമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും കമ്മിറ്റി റിപ്പോര്‍ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്നും ആവശ്യമുണ്ട്. സെപ്റ്റംബറില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *