വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക ബന്ധത്തിലെ പുരോഗതിയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയും യുഎസും സ്വാഭാവിക സഖ്യകക്ഷികളാണ്. ഇരുരാജ്യങ്ങളുമായി വളരെ നേരത്തെ തന്നെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി രാജ്‌നാഥ് സിങ്.
ഇന്ത്യ-യുഎസ് ബന്ധം ശക്തമായിരിക്കണമെന്ന് വിധി പോലും ആഗ്രഹിക്കുന്നു. കൊളംബസിന്‍റെ അമേരിക്കന്‍ പര്യവേഷണത്തിൽ അദ്ദേഹം തദ്ദേശീയരായ അമേരിക്കക്കാരെ കണ്ടുമുട്ടിയിരുന്നു. ഇന്ത്യയും യുഎസും ഒരുമിച്ചാൽ മാത്രമെ ലോകത്തിന് സമൃദ്ധിയും സ്ഥിരതയും സമാധാനവും കൊണ്ടുവരാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് പ്രതിരോധ മന്ത്രി കൂടുതൽ വിശദീകരിച്ചു. ഇന്ത്യ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്നും 2027 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ വെല്ലുവിളിയെ ഇന്ത്യ വളരെ കാര്യക്ഷമമായി നേരിട്ടുവെന്നും അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ പ്രതികൂലമായ ഒരു ആഘാതവും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാൻ ഞങ്ങൾ അനുവദിച്ചില്ല. കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ സർക്കാർ 25 കോടി ജനങ്ങളെ ദാരിദ്ര്യരേഖയിൽ നിന്ന് കരകയറ്റി. ദരിദ്രരില്ലാത്ത ഇന്ത്യയാണ് ഞങ്ങളുടെ ലക്ഷ്യം.
അടുത്ത ഏതാനും വർഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ അത് നേടും. വ്യാപാരം നടത്താനുള്ള എളുപ്പത്തിനായി ഞങ്ങളുടെ സർക്കാർ ബിസിനസുകളിലെ 40,000 സങ്കീര്‍ണതകൾ നീക്കം ചെയ്‌തു. നമ്മുടെ സർക്കാർ അധികാരത്തില്‍ വരുന്ന കാലത്ത് സ്റ്റാർട്ടപ്പുകളുടെ എണ്ണം ഏകദേശം 400-500 ആയിരുന്നു. ഇന്ന് അത് 1,20,000 കടന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ കയറ്റുമതിക്കാരാണ് ഞങ്ങൾ.
ഡിജിറ്റൽ ഇടപാടുകളിൽ നമ്മൾ ഒന്നാമതാണ്. ആഗോളതലത്തിൽ നടക്കുന്ന ഡിജിറ്റൽ ഇടപാടുകളുടെ 46 ശതമാനവും ഇന്ത്യയിലാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. 2027 ഓടെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകുന്നതില്‍ നിന്ന് ഇന്ത്യയെ ആർക്കും തടയാൻ കഴിയില്ലെന്ന് മോർഗൻ സ്റ്റാൻലിയും പറഞ്ഞു.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിന്‍റെ ക്ഷണപ്രകാരം ഈ മാസം 26 വരെ അമേരിക്കയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ് അദ്ദേഹം.
വ്യാഴാഴ്‌ച അദ്ദേഹം വാഷിങ്ടണിൽ എത്തി. സന്ദർശന വേളയിൽ പ്രതിരോധ മന്ത്രി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഓസ്റ്റിനുമായി ഉഭയകക്ഷി ചർച്ച നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *