ഹൈദരാബാദ് :കെപിഎച്ച്ബിയിലെ ഡോക്‌ടറിൽ നിന്നും ഷെയർ ട്രെയിഡിങ്ങിന്‍റെ പേരില്‍ കോടികൾ തട്ടി സൈബർ തട്ടിപ്പ് സംഘം. മെയ്‌ 8 മുതൽ ഈ മാസം 21 വരെയായി 8.6 കോടി രൂപയാണ് കവർന്നത്.
തെലങ്കാനയിൽ രേഖപ്പെടുത്തിയ സൈബർ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പാണിത്.
ഇരയായ ഡോക്‌ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു. മെയ് 21-ന് ഫേസ്ബുക്ക് അക്കൗണ്ട് ബ്രൗസ് ചെയ്യുന്നതിനിടെയാണ് സ്റ്റോക്ക് ബ്രോക്കിങ്‌ കമ്പനികളുടെ പേരിൽ ഒരു പരസ്യം ഡോക്‌ടര്‍ കാണുന്നത്.
പരസ്യത്തിൽ ചോദിച്ച വിശദാംശങ്ങൾ പൂരിപ്പിച്ച് അയച്ചു. ഉടൻ തന്നെ ആ കമ്പനികളുടെ പ്രതിനിധികളാണെന്ന് പറഞ്ഞ് ചിലർ വാട്‌സ്ആപ്പിൽ ബന്ധപ്പെട്ടു. നിക്ഷേപകർക്ക് ലാഭം നൽകുക എന്നതാണ് തങ്ങളുടെ കമ്പനികളുടെ പ്രത്യേകതയെന്ന് അവർ പറഞ്ഞു. ഇവർ മുൻനിര കമ്പനികളുടെ സബ് ബ്രോക്കർമാരായി പ്രവർത്തിക്കുന്നുവെന്നും പറഞ്ഞു.
എൻഎസ്‌ഇ , ബിഎസ്‌ഇ തുടങ്ങിയ റെഗുലേറ്ററി ബോഡികളുടെ ഐഡൻ്റിറ്റിയെക്കുറിച്ചും ആ സ്ഥാപനങ്ങളെക്കുറിച്ചുള്ള നികുതി രജിസ്ട്രേഷനെക്കുറിച്ചും ഡോക്‌ടർ ചോദിച്ചപ്പോൾ, അത്തരം വിശദാംശങ്ങൾ രഹസ്യമായതിനാൽ വെളിപ്പെടുത്താൻ കഴിയില്ലെന്ന് അവർ പറഞ്ഞു.
പിന്നീട് 4 സംഘടനകളുടെ പേരിൽ ആപ്പ് ലിങ്കുകൾ ഡോക്‌ടർക്ക് അയച്ചു. അവയിൽ പറഞ്ഞിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇയാൾ പണം ട്രാൻസ്ഫർ ചെയ്‌തത്.
പ്രാഥമിക ലാഭം പിൻവലിക്കാൻ ഡോക്‌ടറെ അനുവദിച്ച് വിശ്വാസം നേടിയെടുക്കാന്‍ തട്ടിപ്പ് സംഘത്തിനായി. ഇതോടെയാണ് പലതവണ പണം കൊടുക്കുന്നത്. ആകെ 8.6 കോടി രൂപ അടച്ച് ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് സൈബർ കുറ്റവാളികളുടെ യഥാർഥ നിറം പുറത്തായത്.
ലാഭത്തിൻ്റെ 20-30% നൽകിയാൽ മാത്രമേ പിൻവലിക്കാനാകൂ എന്ന് അവർ പറഞ്ഞു. കസ്റ്റമർ കെയറുമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഡോക്‌ടർ ടിജിസിഎസ്ബിയിൽ പരാതിപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *