തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടിലെ 233 പേജുകളാണ് പുറത്തുവിട്ടത്.
സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങളും ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 49-ാം പേജിലെ 96-ാം പാരഗ്രാഫ് 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും വെളിപ്പെടുത്തിയിട്ടില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്.
സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നു. വെളിപ്പെടുത്തുകൾ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി റിപ്പോർട്ടിലുണ്ട്.
ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഇന്നു ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനുപിന്നാലെ രഞ്ജിനി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ലഭിച്ചില്ല. സിംഗിൾ ബെഞ്ചും ഹർജി തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിലെ നിയമ തടസം നീങ്ങിയത്.