ഡൽഹി: രാജ്യ തലസ്ഥാനത്ത് താമസിക്കുന്ന മണിപ്പൂര്‍ ജനതയുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം മണിപ്പൂര്‍ ജനതയുമായി കൂടിക്കാഴ്‌ച നടത്തിയത്. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം വംശഹത്യയ്‌ക്ക് വേദിയായ മണിപ്പൂര്‍ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധി അഭ്യർഥിച്ചു.
‘ഡൽഹിയിൽ താമസിക്കുന്ന ഒരു കൂട്ടം മണിപ്പൂരി ജനതയെ ഞാൻ ഇന്ന് കണ്ടു. അവര്‍ അനുഭവിക്കേണ്ടിവന്ന സംഘര്‍ഷത്തെ കുറിച്ച് എന്നോട് പറഞ്ഞു. പ്രിയപ്പെട്ടവരിൽ നിന്ന് വേർപിരിയുന്നതിൻ്റെ വേദനയും അവര്‍ പങ്കുവച്ചു.
മണിപ്പൂരിലെ സംഘർഷം അവരുടെ സമൂഹത്തിൽ ഏൽപ്പിച്ച ശാരീരികവും മാനസികവുമായ ആഘാതത്തെക്കുറിച്ചും അവർ സംസാരിച്ചുവെന്നും’ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം രാഹുല്‍ എക്‌സില്‍ കുറിച്ചു.
അവരുടെ മുഖങ്ങൾ പുറത്ത് കാണിക്കരുത് എന്ന് അവര്‍ എന്നോട് പറഞ്ഞു. ഇതാണ് മണിപ്പൂരിലെ നമ്മുടെ സഹോദരീസഹോദരന്മാർ നേരിടുന്ന കഠിനമായ യാഥാർഥ്യം. ഓരോ നിമിഷവും ഭയന്ന് ജിവിക്കുകയാണവര്‍. മണിപ്പൂരിൽ യഥാർഥ സ്വാതന്ത്ര്യം അവ്യക്തമാണെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിൻ്റെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ രാഹുല്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
മണിപ്പൂർ സന്ദർശിച്ച് എത്രയും വേഗം സമാധാനപരമായ പരിഹാരത്തിലേക്ക് എത്തിച്ചേരുന്നതിലുളള നടപടി സ്വീകരിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുകയും ചെയ്‌തു.

By admin

Leave a Reply

Your email address will not be published. Required fields are marked *