തൃശൂർ: ഈ സ്വാതന്ത്ര്യദിനത്തിൽ തടവുകാർ ആർജെമാരാകും. ജീവിതാനുഭവങ്ങളും തടവറയും പകര്‍ന്നു നല്കിയ സ്വാതന്ത്രത്തിന്റെ പാഠങ്ങളുമായാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ എത്തുന്നത്. തടവുകാരായ ഷാനു ഹമീദ്, റിജോ, ബാബു, ജോജി എന്നീ തടവുകാരാണ് സ്വാതന്ത്ര്യദിനമായ ഇന്ന് ആര്‍ജെമാരായി എത്തുന്നത്.
വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷൻ ഹോമും റേഡിയോ മിർച്ചിയും ചേർന്നാണ് ഇതിന് സംവിധാനമൊരുക്കുന്നത്. ഇന്ന് രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാണ് തടവുകാർ റേഡിയോ ജോക്കിമാരാകുക. ‘മതിലുകൾക്കപ്പുറം’ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
തടവുകാർക്ക് അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കാൻ വേദിയൊരുക്കാൻ ലക്ഷ്യമിട്ടുള്ള കേരള ജയിൽ ആൻഡ് കറക്ഷണൽ സർവിസസ് വകുപ്പിന്റെ നൂതന സംരംഭമാണ് ‘മതിലുകൾക്കപ്പുറം’. റേഡിയോയിൽ ശ്രോതാക്കൾക്ക് ഇഷ്ടപ്പെട്ട ഗാനങ്ങൾ പ്ലേ ചെയ്യുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യും.