കോട്ടയം: കോട്ടയം നഗരസഭയില്‍ ചെയര്‍പഴ്‌സന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെ  ഇടതുമുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ, ബിജെപി നിലപാടില്‍ ആകാംക്ഷ. ബിജെപി അവിശ്വാസത്തെ പിന്തുണച്ചാല്‍ യുഡിഎഫ് ഭരണസമിതി വീഴും. വിട്ടുനിന്നാല്‍ എല്‍ഡിഎഫ് അവിശ്വാസം തളളിപ്പോകും.
52 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങളാണുള്ളത്. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയാണ് യുഡിഎഫിന്റെ അംഗബലം. എട്ട് ബിജെപി അംഗങ്ങളുമുണ്ട്.
അവിശ്വാസം പാസാകാന്‍ പകുതിയിലധികം കൗണ്‍സിലര്‍മാര്‍ പിന്തുണക്കണമെന്നാണ് നിയമം. ഇതനുസരിച്ച് 52 അംഗ കൗണ്‍സിലില്‍ 27 പേര്‍ പിന്തുണച്ചാല്‍ മാത്രമേ, ഇടതുമുന്നണി കൊണ്ടുവരുന്ന അവിശ്വാസം പാസാകൂ. എല്‍ഡിഎഫിന് 22 മാത്രമാണ് അംഗബലം. ഈ സാഹചര്യത്തില്‍  ബിജെപി അംഗങ്ങളുടെ പിന്തുണ കിട്ടിയാല്‍ മാത്രമാകും ഇടത് അവിശ്വാസം വിജയിക്കുക.
കോട്ടയം നഗരസഭയില്‍ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍ഡിഎഫ് അവിശ്വാസം അവതരിപ്പിക്കുന്നത് മൂന്നാംതവണ. ആദ്യ തവണ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ നല്‍കിയിരുന്നു. ഇതില്‍ പ്രമേയം പാസായെങ്കിലും നറുക്കെടുപ്പിലൂടെ വീണ്ടും അധ്യക്ഷയായി.
രണ്ടാംതവണ സിപിഎം അവിശ്വാസം അവതരിപ്പിച്ചെങ്കിലും ബിജെപി വിട്ടുനിന്നതോടെ ഇത് പരാജയപ്പെട്ടു. ജീവനക്കാരന്‍ കോടികള്‍ തട്ടിയതിനെത്തുടര്‍ന്നാണ് ഇത്തവണ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ബിജെപി പിന്തുണ പരോക്ഷമായി ആവശ്യപ്പെടുകയാണ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും.
നഗരസഭയിലെ അഴിമതിയാരോപിച്ച് ബിജെപി കഴിഞ്ഞദിവസം നടത്തിയ സമരത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞതവണ അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിനൊപ്പമായിരുന്നു ബിജെപി. യുഡിഎഫുമായി കൂട്ടുകച്ചവടത്തില്‍ പങ്കില്ലെങ്കില്‍ ബിജെപി നിലപാട് വ്യക്തമാക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
യുഡിഎഫ്. ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അവിശ്വസപ്രമേയത്തെ പിന്തുണയ്ക്കണം. നഗരസഭയിലെ അഴിമതി അവസാനിപ്പിക്കുന്നതിന് ബിജെപിക്ക് അവസരം നല്‍കുകയാണെന്നും പിന്തുണ ചോദിക്കുകയെല്ലന്നും അനില്‍കുമാര്‍ പിന്നീട് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *