പത്തനംതിട്ട: പി.ടി.എ. യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മര്‍ദനമേറ്റ് സ്‌കൂള്‍ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ.എച്ച്.എം.എല്‍.പി. സ്‌കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കോഴികുന്നം സ്വദേശി വിഷ്ണു എസ്. നായരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. പി.ടി.എ. യോഗം അവസാനിക്കാറായപ്പോഴാണ് വിഷ്ണു അസഭ്യവര്‍ഷവുമായി സ്‌കൂളിന് അകത്തേക്ക് എത്തിയത്. ഇത് തടയാന്‍ ശ്രമിച്ച അധ്യാപികയെ ആക്രമിക്കുകയായിരുന്നു. ഗീതയുടെ ഭര്‍ത്താവിനും മര്‍ദനമേറ്റതായി പരാതിയുണ്ട്. പിന്നെയും അസഭ്യം പറഞ്ഞു നിന്ന യുവാവിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുമ്പും ഇയാള്‍ സ്‌കൂളില്‍ വന്ന് ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് അധ്യാപകരും ജീവനക്കാരും പറഞ്ഞു.