തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് സംസ്ഥാനം സ്വാതന്ത്രദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം മാത്രമല്ല ഇന്ത്യയാകെ ആ ദുഃഖത്തിലാണ്. വിഷമിച്ചിരുന്നിട്ട് കാര്യമില്ല. ദുരന്തത്തെ അതിജീവിക്കേണ്ടതുണ്ട്. നാടിന്റെ പൊതുവായ അതിജീവനത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം.
കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണം. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21-ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ രാജ്യത്തിനാകുന്നില്ല. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. ഇതിന് വര്‍ഗീയതയും ജാതി ചിന്തയുമെല്ലാം ആയുധമാക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.