കണ്ണൂ‍ർ : വടകരയിലെ വ്യാജ സ്ക്രീൻഷോട്ട് വിവാദം സി.പി.എമ്മിനെ തിരിഞ്ഞുകൊത്താൻ തുടങ്ങയിതോടെ പാ‍ർട്ടി നേതൃത്വത്തിനെ പരിഹസിച്ച് മുൻ ജില്ലാ കമ്മിറ്റി അംഗം മനുതോമസിൻെറ ഫേസ് ബുക്ക് പോസ്റ്റ്. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലയിൽ നിന്നുളള മുതിർ‍ന്ന നേതാവുമായ പി.ജയരാജനെ പരോക്ഷമായി പരിഹസിക്കുന്നതാണ് ഡി.വൈ.എഫ്.ഐ മുൻജില്ലാ പ്രസിഡൻറ് കൂടിയായ മനുതോമസിൻെറ പോസ്റ്റ്.
‘കാഫിർ  വടക്കൻ പാട്ടിൽ ചതിയുടെ പുതിയൊരു കഥ കൂടി പാണന്മാർ ഇനി  പാടി നടക്കും ” എന്ന് പറഞ്ഞുകൊണ്ടുളള പോസ്റ്റിൽ വടക്കൻ പാട്ടിൻെറ രൂപത്തിലുളള പരിഹാസ പരാമർശങ്ങളുമുണ്ട്. വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റ് ഇറക്കിയതിന് പിന്നിൽ ശൈലജയെ തോൽപ്പിക്കാനുളള അജണ്ടയാണെന്നാണ് പരിഹാസ പാട്ടിലൂടെ മനുതോമസ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
” പെങ്ങള് ജയിക്കാ പോരതിലൊന്നിൽ ഈ…ആങ്ങള വീണൊരു അങ്കത്തട്ടിൽ  ഉണ്ണിയാർച്ചയെ തോൽപ്പിക്കാനൊരു പൂഴികടകൻ ഇറക്കിയതല്ലോ ” ഇതാണ് മനുതോമസിൻെറ ഫേസ് ബുക്ക് പോസ്റ്റിലെ പി.ജയരാജനെ പരോക്ഷമായി പരിഹസിക്കുന്ന വടക്കൻ പാട്ട് രൂപത്തിലുളള പരാമർ‍ശം.
പി.ജയരാജൻെറ സഹോദരിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഇപ്പോൾ വനിതാ കമ്മീഷൻ അധ്യക്ഷയുമായ പി.സതീദേവി വടകര ലോകസഭാ മണ്ഡലത്തിൽ മത്സരിച്ച് തോറ്റിരുന്നു.2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പി.ജയരാജനും വടകരയിൽ നിന്ന് മത്സരിച്ചു നോക്കിയെങ്കിലും കെ.മുരളീധരനോട് പരാജയപ്പെട്ടു.അങ്ങനെ സഹോദരനും സഹോദരിയും തോറ്റിടത്ത് കെ.കെ.ശൈലജ ജയിക്കാതിരിക്കാനുളള പൂഴിക്കടകൻ അടവാണ് വ്യാജകാഫിർ സ്ക്രീൻഷോട്ട് എന്നാണ് മനുതോമസ് പരോക്ഷ സൂചനകളിലൂടെ പറയാൻ ശ്രമിക്കുന്നത്. ”വിനാശകാലെ വിപരീത.. ബുദ്ധി…! ചിന്തിക്കുന്നവ‍ർക്ക് ദൃഷ്ടാന്തമുണ്ട്”  ഇങ്ങനെ പറഞ്ഞു കൊണ്ടാണ് മനുതോമസിൻെറ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സ്വർണക്കടത്ത് -ക്വട്ടേഷൻ  സംഘത്തെ സംരക്ഷിക്കുന്ന പാ‍ർട്ടി ജില്ലാ നേതൃത്വത്തിൻെറ സമീപനത്തെ എതിർത്തും കലഹിച്ചുമാണ് അംഗത്വം പുതുക്കാതെ ജില്ലാ കമ്മിറ്റി അംഗമായ മനുതോമസ് സി.പി.എമ്മിന് പുറത്തേക്ക് പോയത്.സ്വയം ഒഴിഞ്ഞ  മനുതോമസിനെ പുറത്താക്കിയതാണെന്ന വാ‍ർത്ത വന്നതിന് പിന്നാലെ മനുതോമസ് ഫേസ് ബുക്കിലൂടെ മറുപടി പറഞ്‍ഞിരുന്നു.ഇതിന് പിന്നാലെ മനുതോമസിനെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ട് പി.ജയരാജൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടു. ഇതോടെ പി.ജയരാജനെതിരെ രൂക്ഷ വിമർശനവുമായി മനുവും രംഗത്ത് വന്നു. ഇതിൻെറ തുടർച്ചയാണ് ഇപ്പോഴത്തെ പരിഹാസ പോസ്റ്റ്.

By admin

Leave a Reply

Your email address will not be published. Required fields are marked *