ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍താരവും മുന്‍ പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് മരിച്ചത് ട്രെയിന്‍ തട്ടിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സറേ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനു മുന്നില്‍ ചാടിയാണ് തോര്‍പ്പ് ജീവനൊടുക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. തോര്‍പ്പ് കടുത്ത വിഷാദം മൂലം ആത്മഹത്യ ചെയ്തതാണെന്ന് കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഭാര്യ അമാന്‍ഡ് തോര്‍പ്പ് വെളിപ്പെടുത്തിയത് . ട്രെയിന്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ തോര്‍പ്പ് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
താനില്ലാതായാല്‍ കുടുംബമെങ്കിലും സമാധാനത്തോടെ ജീവിക്കുമെന്ന ചിന്തയായിരുന്നു തോര്‍പ്പിനെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വേര്‍പാട് തങ്ങളുടെ കുടുംബത്തെയാകെ തകര്‍ത്തു കളഞ്ഞുവെന്നും അമാന്‍ഡ ദ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്ന ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിട്ടും തോര്‍പ്പിന്റെ ചിന്തകള്‍ മാറിയിരുന്നില്ല. സമീപകാലത്ത് അദ്ദേഹം വളരെയേറെ അസ്വസ്ഥനായിരുന്നു. താനില്ലാതായാല്‍ അത് കുടുംബത്തിന് സമാധാനം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എന്നാല്‍ സ്വയം ജിവനൊടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഞങ്ങളെ തകര്‍ത്തു കളഞ്ഞു-അമാന്‍ഡ പറഞ്ഞു.
2022ലും തോര്‍പ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും അമാന്‍ഡ പറഞ്ഞു. 2022 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ പരിശീലകനായി തോര്‍പ്പിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്‍മാറി. പിന്നാലെ മെയ് മാസത്തില്‍ അദ്ദേഹം ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കടുത്ത വിഷാദരോഗം അദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് അമാന്‍ഡ പറഞ്ഞു. അതാണ് 2022ല്‍ അത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് കുറച്ചു കാലം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നു. കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നു. അദ്ദേഹവും പലവിധ ചികിത്സകളും നടത്തി നോക്കി. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതൊന്നും ഫലം കണ്ടില്ലെന്നും അമാന്‍ഡ വ്യക്തമാക്കി.
12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ തോര്‍പ്പ് 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 16 സെഞ്ച്വറികള്‍ ഉള്‍പ്പെടെ ടെസ്റ്റില്‍ 6,744 റണ്‍സും സ്വന്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *