ഉരുള്‍പൊട്ടാന്‍ നില്‍ക്കില്ല, അതിനും മുമ്പേ തുടങ്ങും ജപ്പാനിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍
മറ്റു കാലാവസ്ഥാ പ്രതിഭാസങ്ങളെ അപേക്ഷിച്ച്, പ്രവചിക്കാന്‍ പ്രയാസമുള്ളതാണ് മണ്ണിടിച്ചില്‍ ദുരന്തങ്ങള്‍ എന്നായിരുന്നു അടുത്ത കാലം വരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് സാഹചര്യം മാറി. ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളും മുന്‍കൂട്ടി പ്രവചിക്കാവുന്ന അവസ്ഥ വന്നു. അതിനുള്ള ഉപകരണങ്ങളും നിലവില്‍ വന്നു.
പല വികസിത രാജ്യങ്ങളും മികച്ച, കൃത്യതയുള്ള ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ജപ്പാന്, സ്വിറ്റ്സര്‍ലാന്‍ഡ്, നോര്‍വേ, അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളുടേത് ലോകത്തെ തന്നെ മികച്ച മണ്ണിടിച്ചില്‍ മുന്നറിയിപ്പ് സംവിധാനം ആണ്. ഇതില്‍ തന്നെ എടുത്തു പറയേണ്ടതും ഏറ്റവും ആധുനികവും ജപ്പാന്റെ മുന്നറിയിപ്പ് സംവിധാനമാണ്.
ജാപ്പനീസ് സംവിധാനം
മഴയും മണ്ണിടിച്ചിലും ഭൂകമ്പവും പതിവായ ജപ്പാനില്‍ ലോകത്തെ തന്നെ മികച്ച മണ്ണിടിച്ചില്‍ മുന്നറിയിപ്പ് സംവിധാനം ആണുള്ളത്. തത്സമയം മഴയുടെ അളവ് നിരീക്ഷിക്കുന്ന, കൃത്യതയുള്ള കേന്ദ്രങ്ങളുടെ ശൃംഖലയാണ് ഈ മുന്നറിയിപ്പ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം. മണ്ണിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ്, ഭൂമിയുടെ ചെറുചലനങ്ങള്‍, മണ്ണിലെ ഈര്‍പ്പത്തിന്റെ അളവ്, മണ്ണിനുള്ളിലെ ജല സമ്മര്‍ദ്ദം എന്നിവ, ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍ ഉപയോഗിച്ച് അളക്കുന്നു. മണ്ണിലെ ജലാംശം അപകടസാധ്യതയുളള നിലയിലേക്ക് ഉയരുമ്പോള്‍ ഉപകരണം വ്യക്തമായ മുന്നറിയിപ്പ് നല്കുന്നു. ഇത് പ്രകാരം ജനങ്ങളെ ഒഴിപ്പിച്ചു മാറ്റാന്‍ സ്ഥിരം സംവിധാനം പ്രവര്‍ത്തിക്കുന്നു.
ഭൂപ്രദേശങ്ങളിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും മണ്ണിടിച്ചില്‍ സാധ്യത തിരിച്ചറിയുന്നതിനും ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും ഇതോടൊപ്പം ഉപയോഗിക്കുന്നു. മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ ഹസാഡ് മാപ്പ് തയാറാക്കിയ ജപ്പാന് അവിടങ്ങളില്‍ ശാസ്ത്രീയമായ സംരക്ഷണ ഭിത്തികളും തടയണകളും നിര്‍മ്മിച്ചിട്ടുണ്ട്.
അപകടസാധ്യതകളെക്കുറിച്ചും ഒഴിപ്പിക്കല്‍ നടപടികളെക്കുറിച്ചും ഓരോ പ്രദേശത്തും കൃത്യമായ
അവബോധം നല്‍കുന്നുണ്ട്. മൊബൈല്‍ ആപ്പുകള്‍, ടെലിവിഷന്‍, സൈറണുകള്‍, ഇന്റര്‍നെറ്റ് എന്നിവ വഴി ദിവസവും ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നു. മണ്ണിടിച്ചില്‍ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി 2005 -ല്‍ ജപ്പാനില്‍ രാജ്യവ്യാപകമായി ഒരു പുതിയ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം ആരംഭിച്ചിട്ടുണ്ട്.
മുന്നറിയിപ്പ് മാത്രമല്ല ദുരന്തം ഇല്ലാതാക്കാനും ശ്രമങ്ങള്‍
ജപ്പാനെ മുഴുവന്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവ് വരുന്ന ഓരോ മേഖലകള്‍ ആയി തിരിച്ച് ഓരോ ഇടത്തും കൃത്യമായ പ്രാദേശിക മുന്നറിയിപ്പ് നല്കുന്ന സംവിധാനം ആണിത്. പ്രവചന മോഡലുകള്‍, സെന്‍സര്‍ സാങ്കേതികവിദ്യ എന്നിവ മെച്ചപ്പെടുത്തുന്നതിന് ജപ്പാന് നിരന്തര ഗവേഷണം ഇപ്പോഴും തുടരുന്നു. ഈ സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഒപ്പം മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ കര്‍ശനമായ കെട്ടിട നിര്‍മ്മാണ നിയന്ത്രണവും ഭൂവിനിയോഗ നിയന്ത്രണവും സര്‍ക്കാര്‍ നടപ്പിലാക്കുന്നു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ജപ്പാന് കാലാവസ്ഥാ ഏജന്‍സിയും പ്രാദേശിക ഭരണകൂടങ്ങളും വിവിധ ഏജന്‍സികളും സദാ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്താന്‍ സര്‍വ്വസജ്ജമായ സംഘങ്ങള്‍ ഏതുസമയത്തും തയാറായി നില്ക്കുന്നു.
ഉയര്‍ന്ന വാര്‍ഷിക മഴനിരക്കുള്ള, ഭൂപ്രദേശത്തിന്റെ മുക്കാല്‍ഭാഗവും മലനിരകള്‍ നിറഞ്ഞ ജപ്പാനില്‍ ഉരുള്‍പൊട്ടലുകള്‍ പതിവാണ്. അതുകൊണ്ടുതന്നെ അവര്‍ തങ്ങളുടെ സംവിധാനങ്ങള്‍ നിരന്തരം പുതുക്കിക്കൊണ്ടേ ഇരിക്കുന്നു. ഇപ്പോള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ കൂടി ഉപയോഗിച്ച് വിവിധ ലോ-എര്‍ത്ത്-ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന ഡാറ്റ പ്രോസസ്സ് ചെയ്ത് രാജ്യത്തുടനീളമുള്ള ഭൂമിയുടെ രൂപഭേദങ്ങള്‍ ജാപ്പനീസ് ഏജന്‍സികള്‍ സദാ സമയം നിരീക്ഷിക്കുന്നു. വെബ് പോര്‍ട്ടല്‍ വഴി ആര്‍ക്കും പെട്ടെന്ന് ലഭ്യമാവുന്ന ഈ ഡാറ്റ കൂടുതല്‍ അപകട മുന്നൊരുക്കം നടത്താന്‍ പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കുന്നു.
ചുരുക്കത്തില്‍, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ബോധവത്കരണം, മികച്ച സര്‍ക്കാര്‍ നയം എന്നിവ സംയോജിപ്പിച്ചുള്ള ഫലപ്രദമായ സംവിധാനമാണ് ജപ്പാനില്‍ പ്രവര്‍ത്തിക്കുന്നത്. മണ്ണിടിച്ചില്‍ അപകടങ്ങളില്‍ ജീവഹാനി ഗണ്യമായി കുറയ്ക്കാന്‍ ആ രാജ്യത്തിന് കഴിയുന്നതും അതുകൊണ്ടുതന്നെയാണ്. തീര്‍ച്ചയായും നമുക്ക് ജപ്പാനില്‍നിന്ന് പഠിക്കാന്‍ ഏറെയുണ്ട്.