കോട്ടയം: റബര്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നല്‍ക്കുമ്പോള്‍ നേട്ടമുണ്ടോയെന്ന് കര്‍ഷകരോട് ചോദിച്ചാല്‍ ഉത്തരം നിരാശയായിരിക്കും. നിലവിലെ സാഹചര്യത്തില്‍ വലിയ സാമ്പത്തിക നഷ്ടമില്ലാതെ റബര്‍ കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നു മാത്രമാണ് കര്‍ഷകര്‍ പറയുന്നത്. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കു മുന്‍പാണു ഇപ്പോള്‍ ലഭിച്ചിക്കുന്ന തുക കിട്ടിയിരുന്നെങ്കില്‍ അത് നേട്ടം ആകുമായിരുന്നു.
എന്നാല്‍, ഇന്നു കാലം മാറിയതിനൊപ്പം ഉല്‍പ്പാദന ചലവില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വെട്ടുകൂലി മുതല്‍ ആസിഡിനു വരെ വില വര്‍ധിച്ചുവെന്നും കര്‍ഷകര്‍ പറയുന്നു. റബര്‍ കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നുണ്ടല്ലോയെന്നാണ് ഇതര മേഖലയിലുള്ളവര്‍ ചിന്തിക്കുന്നത്. എന്നാല്‍, 12 വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വില ഇരട്ടിയായതിനെക്കുറിച്ച് ആരും പറയുന്നില്ലെന്നു റബര്‍ കര്‍ഷകര്‍ പറയുന്നു.  നിലവിലെ സാഹചര്യത്തില്‍ വില 300 രൂപയെങ്കിലും കടന്നാല്‍ മാത്രമേ, കൃഷിയില്‍ നിന്നു  ലാഭം ലഭിക്കൂ എന്നും ചെറുകിട കര്‍ഷകര്‍ പറയുന്നു.
 ഉയര്‍ന്ന വില നേട്ടത്തില്‍ കര്‍ഷകര്‍ സന്തോഷത്തിലാണെങ്കിലും മുന്‍കാല ബാധ്യതകളും കർഷകർക്കു തിരിച്ചടിയാണ്..  കിലോയ്ക്ക് 255 രൂപയ്ക്കു വരെ കഴിഞ്ഞ ദിവസം വ്യാപാരം നടന്നത് മേഖലയ്ക്ക് ഉണര്‍വു പകരുമെന്ന പ്രതീക്ഷയിലാണു വ്യാപാര ലോകം. വില ഉയര്‍ന്നാല്‍  സാമ്പത്തിക മേഖലയാകെ സജീവമാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.12 വര്‍ഷം മുമ്പു രേഖപ്പെടുത്തിയ 243 രൂപയെന്ന റെക്കോര്‍ഡാണു കഴിഞ്ഞ ദിവസം തകര്‍ന്നത്.  
വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍, ടാപ്പിങ്ങ് നിലച്ച തോട്ടങ്ങളില്‍, ടാപ്പിങ്ങ് പുനരാരംഭിക്കാമെന്നു കര്‍ഷകര്‍  ആഗ്രഹിക്കുന്നുണ്ടെങ്കിലും ടാപ്പര്‍ ക്ഷാമം തിരിച്ചടിയാകുന്നുണ്ട്. ഒരു പതിറ്റാണ്ടായി വില  താഴ്ന്നു നില്‍ക്കുന്നതിനാല്‍ ടാപ്പിങ്ങ് രംഗത്തേയ്ക്കു പുതുതായി ആരും  എത്തിയിരുന്നില്ല. പഴയ  തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളത്. സ്വന്തമായി ടാപ്പ് ചെയ്യാന്‍ ആരോഗ്യമില്ലാത്ത നിരവധി കുടുംബങ്ങളിലെ ഏക്കര്‍ കണക്കിനു തോട്ടമാണ് ഇപ്പോഴും വെറുതെ കിടക്കുന്നത്.
ഏതാനും വര്‍ഷങ്ങളായി റബര്‍ ബോര്‍ഡിൻ്റെ പ്രവര്‍ത്തനവും നിര്‍ജീവ അവസ്ഥയിലാണ്. വില ഇടിവിനെത്തുടര്‍ന്നു നിരവധി കര്‍ഷകര്‍ റീ പ്ലാന്റിങ്ങ് ഉപേക്ഷിച്ചത് ഉത്പാദനക്കുറവിനു കാരണമായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും കൃഷി പ്രോത്സാഹനം നടപ്പിലാക്കിയില്ലെങ്കില്‍ വില ഉയര്‍ന്നാലും റബര്‍ കൃഷി കുറഞ്ഞു കൊണ്ടേയിരിക്കുമെന്നു കര്‍ഷകര്‍ പറയുന്നു. പുതുതലമുറയുടെ വിദേശ കുടിയേറ്റവും റബര്‍ കൃഷി കുറയാന്‍ കാരണമാകുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *