കോട്ടയം: പാ‍ർ‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സമിതികളിൽ അംഗമാകുന്നതിന് 75 വയസ് പ്രായപരിധി ഇത്തവണയും കർശനമായി നടപ്പാക്കാൻ സി.പി.എം തീരുമാനിച്ചാൽ നേതൃത്വത്തിൽ സംഭവിക്കാൻ പോകുന്നത് തലമുറമാറ്റം. പാർട്ടിയുടെ ഏറ്റവും ഉയർന്ന ഘടകമായ പോളിറ്റ് ബ്യൂറോയിലെ ഏതാണ്ട് പകുതിയോളം അംഗങ്ങൾ ഇത്തവണത്തെ സമ്മേളനങ്ങളോടെ പദവിയിൽ നിന്ന് പുറത്താകും.
കണ്ണൂരിൽ നടന്ന സി.പി.എമ്മിൻെറ 23ാം പാ‍‍‍ർട്ടി കോൺഗ്രസ് മുതലാണ് തിരഞ്ഞെടുക്കപ്പെട്ട സമിതികളിൽ അംഗമാകുന്നതിന് 75 വയസ് പ്രായപരിധി നടപ്പാക്കി തുടങ്ങിയത്. 2025 ഏപ്രിലിൽ മധുരയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന സി.പി.എമ്മിൻെറ 24ാം പാ‍ർ‍ട്ടി കോൺഗ്രസ് മുന്നോടിയായുളള സമ്മേളനങ്ങളിലും നടപ്പാക്കിയാൽ നേതൃ സമിതികളിൽ വലിയ മാറ്റമായിരിക്കും സംഭവിക്കാൻ പോകുന്നത്.

പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ ഏഴ് പേർ ഇപ്പോൾ തന്നെ 75 വയസ് പിന്നിട്ടവർ എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ 75 വയസ് പ്രായം കഴിഞ്ഞവരിൽ ഒന്നാമൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ്.

കണ്ണൂരിൽ നടന്ന 23ാം പാർട്ടികോൺഗ്രസിൽ തന്നെ പിണറായിക്ക് 75 വയസ് പിന്നിട്ടിരുന്നു. രാജ്യത്ത് അധികാരത്തിലുളള ഏക കമ്യൂണിസ്റ്റ് സർക്കാരിനെ നയിക്കുന്നയാൾ എന്ന പരിഗണനയിൽ പ്രായപരിധിയിൽ ഇളവ് നൽകിയാണ് പിണറായി വിജയനെ  പോളിറ്റ് ബ്യൂറോയിൽ തുടരാൻ അനുവദിച്ചത്.
ഇപ്പോഴും മുഖ്യമന്ത്രി പദത്തിൽ തുടരുന്നതിനാൽ മധുര പാർട്ടി കോൺഗ്രസിലും പിണറായിക്ക് ഇളവ് ലഭിക്കാനാണ് സാധ്യത. പ്രായം 80 കഴിഞ്ഞ പിണറായി വിജയനെ പോളിറ്റ് ബ്യൂറോയിലെ ക്ഷണിതാവാക്കി മാറ്റാനുളള സാധ്യതയും തളളിക്കളയാനാവില്ല.
പ്രായപരിധി തീരുമാനം മുഖം നോക്കാതെ നടപ്പാക്കാൻ നേതൃത്വം എത്രത്തോളം ഇച്ഛാശക്തി പ്രകടിപ്പിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ സാധ്യതകൾ. പിണറായി വിജയനെ കൂടാതെ പോളിറ്റ് ബ്യൂറോയിലെ മറ്റ് ആറുപേരും പ്രായം 75 കഴിഞ്ഞവരാണ്.

പുറത്തുവരുന്ന റിപോ‍ർട്ടുകൾ പ്രകാരം പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ, ജി. രാമകൃഷ്ണൻ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി എന്നിവരാണ് പാ‍ർട്ടി നിശ്ചയിച്ച പ്രായം പിന്നിട്ടവർ.17 അംഗ പോളിറ്റ് ബ്യൂറോയിൽ 7 പേർ പ്രായത്തിൻെറ മാനദണ്ഡത്തിൽ ഒഴിവാകുമ്പോൾ അത്രതന്നെ പുതിയ നേതാക്കൾ പരമോന്നത ഘടകത്തിലേക്ക് വരും.

 ഒരുപക്ഷേ സി.പി.എമ്മിൻെറ രൂപീകരണത്തിന്ശേഷം പോളിറ്റ്ബ്യൂറോയിൽ നടക്കുന്ന ഏറ്റവുംവലിയ അഴിച്ചുപണിയായിരിക്കും ഇത്. ഒരുകാലത്ത് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിലും ത്രിപുരയിലും നാമാവശേഷമായ സാഹചര്യത്തിൽ അവിടെ നിന്നൊന്നും പുതിയ നേതൃത്വത്തെ ഉയർത്തി കാട്ടാനില്ല.
അങ്ങനെ വരുമ്പോൾ ഏറ്റവും കൂടുതൽ അംഗങ്ങളുളള ഘടകം എന്ന നിലയിൽ കേരളത്തിൽ നിന്ന് കൂടുതൽ നേതാക്കൾ പോളിറ്റ് ബ്യൂറോയിൽ എത്താൻ സാധ്യതയുണ്ട്. ലോക്‌സഭയിലെ സി.പി.എമ്മിൻെറ കക്ഷിനേതാവായ കെ.രാധാകൃഷ്ണനാണ് ഏറ്റവും കൂടൂതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
ദളിത് പ്രതിനിധി എന്നതും കെ. രാധാകൃഷ്ണൻെറ അനുകൂല ഘടകമാണ്. ഇതിനേക്കാളെല്ലാം ഉപരി ശക്തമായ യു.‍ഡി.എഫ് തരംഗത്തിലും തോൽക്കാതെ പിടിച്ച് നിന്ന ജനകീയത മാത്രം മതി കെ. രാധാകൃഷ്ണനെ പോലെ ലാളിത്യവും അഴിമതി വിരുദ്ധ പ്രതിഛായയമുളള നേതാവിനെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്താൻ.
75 വയസ് പ്രായപരിധി മാനദണ്ഡം നടപ്പിലാക്കുമ്പോൾ കേന്ദ്രകമ്മിറ്റി അംഗങ്ങളായ നേതാക്കളും പുറത്താകും. കേരളത്തിൽ നിന്നുളള പി.കെ.ശ്രീമതിയും  എ.കെ. ബാലനുമാണ് അതിൽപ്പെട്ട പ്രമുഖർ. രണ്ട് നേതാക്കൾക്കും കേന്ദ്രകമ്മിറ്റിയിൽ തുടരാൻ ഇളവ് ലഭിച്ചേക്കില്ല. അഥവാ കിട്ടിയാൽ തന്നെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശിയ അദ്ധ്യക്ഷയായ ശ്രീമതിക്ക് മാത്രമാണ് സാധ്യത.
ദേശിയ സമിതിയിൽ നിന്ന് ഇളവ് ലഭിക്കാത്തപക്ഷം സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളാക്കാനാണ് സാധ്യത. എന്നാൽ ബാലനേയും ശ്രീമതിയേക്കാളും സീനിയോറിറ്റിയുളള ജി. സുധാകരൻ പ്രായപരിധി മാനദണ്ഡത്തിൽ പുറത്തായപ്പോൾ ഈ ആനുകൂല്യം ലഭിച്ചില്ല. അദ്ദേഹം ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവ് മാത്രമാണ്.
കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജയരാജനും 75 വയസിൻെറ പടിവാതിൽക്കലാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ 75 വയസ് തികയുന്നത് 2025 മെയ് മാസത്തിൽ മാത്രമാണത്രെ. മധുര പാർട്ടി കോൺഗ്രസ് ഏപിലിൽ ആയതിനാൽ ജയരാജന് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളിൽ തുടരാൻ ഒരവസരം കൂടി ലഭിക്കാനാണ് സാധ്യത. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ആനാവൂർ നാഗപ്പനും 75 വയസ് മാനദണ്ഡത്തിൽ കമ്മിറ്റികളിൽ നിന്ന് ഒഴിവായേക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed