പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം തിയേറ്ററുകളിൽ എത്തും. സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ റുഷിൻ ആണ് നായകനായി അഭിനയിക്കുന്നത്.
ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്ര തൻ നിർമ്മിക്കുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. ടൈറ്റിൽ കഥാപാത്രമായ സുകുമാരക്കുറുപ്പായി എത്തുന്നത് നടന് അബുസലിം ആണ്. ടിനി ടോം, ജോണി ആന്റണി, ശ്രീജിത്ത് രവി, ഇനിയ, ദിനേശ് പണിക്കർ, സുജിത് ശങ്കർ, സിനോജ് വർഗീസ്, വൈഷ്ണവ് ബിജു, സൂര്യ ക്രിഷ്, അജയ് നടരാജ്, ടോം സ്കോട്ട്, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവർ അഭിനയിക്കുന്നു.
സംവിധായകൻ ഷെബിയുടെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ക്യാമറ രതീഷ് രാമനും എഡിറ്റിംഗ് സുജിത് സഹദേവും നിർവഹിച്ചു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് മെജോ ജോസഫ് ആണ് ഈണം നൽകിയിട്ടുള്ളത്. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗായകർ. പശ്ചാത്തലം സംഗീതം റോണി റാഫേലിന്റേതാണ്. പ്രോജക്ട് ഡിസൈനർ എസ് മുരുകൻ. മേക്കപ്പ് സന്തോഷ് വെൺപകൽ, ആക്ഷൻസ് റൺ രവി. ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ വിഎസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
കഴിഞ്ഞ വര്ഷം റിലീസ് ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് കാക്കിപ്പട. കാലിക പ്രസക്തമായ ഒരു വിഷയമാണ് കാക്കിപ്പട പറഞ്ഞത്. തിയേറ്ററിലും ഒടിടിയിലും റിലീസ് ചെയ്ത സമയത്ത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ചിത്രം. ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു.