ട്രാക്കിൽ വച്ചത് സിലിണ്ടര്‍, സൈക്കിൾ, കോഴിയെയും; വന്ദേഭാരതടക്കം കടന്നുപോകുമ്പോൾ പരീക്ഷണം, യൂട്യൂബര്‍ അറസ്റ്റിൽ

പ്രയാഗ്രാജ്: റെയിൽവേ ട്രാക്കിൽ കല്ലുകളും ഗ്യാസ് സിലിണ്ടറും സൈക്കിളും വച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ അറസ്റ്റിൽ.  ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശി ഗുൽസാര്‍ ഷെയ്ഖിനെയാണ് ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ട്രെയിൻ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഇയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാക്കിലൂടെ ട്രെയിൻ പോകാനിരിക്കുമ്പോഴായിരുന്നു ഈ പരീക്ഷണങ്ങൾ. 

24 കാരനായ ഗുൽസാർ ഇത്തരം വീഡിയോകൾ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ഭൂരിഭാഗം വീഡിയോകളും ചിത്രീകരിച്ചത് ലാൽഗോപാൽ ഗഞ്ചിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് ഗുൽസാറിനെ ഉത്തർപ്രദേശിലെ ഖണ്ഡൗലി ഗ്രാമത്തിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും ശേഷം, കോടതിയിൽ ഹാജരാക്കുമെന്നും ആര്‍പിഎഫ് അറിയിച്ചു.

പങ്കുവച്ച വീഡിയോ യൂട്യൂബ് പിൻവലിച്ചിട്ടുണ്ട്. പണം കണ്ടെത്താനാണ് യൂട്യൂബിൽ ഇയാൾ ഇത്തരം വീഡിയോ അപ്ലോഡ് ചെയ്തത്. എന്നാൽ ആയിരത്തിലധികം പേരുടെ ജീവൻ പന്താടുന്ന പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഇയാൾക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നും നിരവധി കമന്റുകൾ വീഡിയോക്ക് ലഭിച്ചു.

ട്രെയിൻ എത്തും മുമ്പ് ട്രാക്കിൽ വലിയ കല്ലുകൾ എടുത്തുവച്ച് മാറിനിന്ന് വീഡിയോ എടുക്കുന്നു. പിന്നീട് കല്ലുകൾ മാറി സൈക്കിൾ, സിലിണ്ടര്‍, കോഴി എന്നിവയെ വച്ച് പരീക്ഷണം നടത്തുകയും ഇതിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്യുന്നു. ഇവയ്ക്കെല്ലാം എന്താണ് ട്രെയിൻ കടന്നുപോയ ശേഷം സംഭവിക്കുന്നത് എന്നതായിരുന്നു ഗുൽസാര്‍ നടത്തിയ പരീക്ഷണം. 
 
ഗുൽസാർ ഇന്ത്യൻ ഹാക്കർ’ എന്ന ചാനലിലാണ് പ്രതി വീഡിയോകൾ പോസ്റ്റ് ചെയ്തത്. 243-ലധികം വീഡിയോകളാണ് യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. 15 ദശലക്ഷം വ്യൂസ് നേടിയ ഒരു ഷോർട്ട്സും ഇയാളുടെ അക്കൗണ്ടിലുണ്ട്.  235,000-ലധികം സബ്‌സ്‌ക്രൈബർമാരും മൊത്തം 137 ദശലക്ഷത്തിലധികം വ്യൂ കൗണ്ടുകളും ചാനലിനുണ്ട്.

കോൺഗ്രസിന്‍റെ നിർണായക നീക്കം; വയനാടിന് മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷായുടെ അവകാശവാദം, അവകാശലംഘന നോട്ടീസ് നൽകി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin