കൊച്ചി; അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണം. ഇക്കാര്യം പറഞ്ഞതിനാണ് താന്‍ വിവാദത്തില്‍പ്പെട്ടത്. രാഷ്ട്രീയം തൊഴിലാക്കിയവരാണ് തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് ആഗ്രഹം. ശബരിമലയില്‍ അയ്യനെ പുറത്തു നിന്ന് കണ്ടാല്‍ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാന്‍ അവകാശമില്ല. രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു, എത്രയും വേഗം മരിച്ച് പുനര്‍ജനിച്ച് നിങ്ങളുടെ താഴമണ്‍ കുടുംബത്തില്‍ ജനിക്കണമെന്ന്… നിങ്ങള്‍ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്. ഇക്കാര്യം പറഞ്ഞതിനാണ് 2016ല്‍ വിവാദത്തില്‍പ്പെട്ടത്. എനിക്ക് ബ്രാഹ്‌മണനാകണം എന്ന രീതിയില്‍ രാഷ്ട്രീയം തൊഴിലാക്കിയവര്‍ ഇത് ദുര്‍വ്യാഖ്യാനം നടത്തി’, സുരേഷ് ഗോപി വ്യക്തമാക്കി. 
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം. നേതാവും എംഎല്‍എയുമായ എ സി മൊയ്തീന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും സുരേഷ് ഗോപി മറുപടി നല്‍കി. ‘കരുവന്നൂരില്‍ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്. സത്യം ദൈവത്തിന് അറിയാം. ആരോപണം ഉന്നയിക്കാന്‍ അവര്‍ക്ക് അവകാശം ഉണ്ട്. ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശ്ശൂരില്‍ പ്രചരണ വിഷയമാകും. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാല്‍ മതി. അപ്പോള്‍ തനിക്ക് വിഷയം കിട്ടില്ലല്ലോ’, സുരേഷ് ഗോപി പറഞ്ഞു. 
കരുവന്നൂരില്‍ പണം നഷ്ടമായവരുടെ പ്രയാസത്തിലാണ് ഇടപ്പെട്ടത്. ഇഡി വഴി ബിജെപിക്ക് തൃശൂരില്‍ വഴിയൊരുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നത് അവരുടെ ആരോപണം. ഇത്തരം പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ആരോപണം ഉന്നയിക്കുന്നവര്‍ ശ്രമിക്കേണ്ടത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് പോകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
കരുവന്നൂര്‍ കേസിലൂടെ സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് ഇ.ഡി. ചെയ്യുന്നതെന്ന് എ.സി. മൊയ്തീന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി കരുവന്നൂരില്‍ പദയാത്ര നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഇഡി നടത്തുന്നത്. ‘അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 65 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തു. വേറെയൊരു ചന്ദ്രമതി ആയിരുന്നുവെന്ന് ഇന്നിപ്പോള്‍ വന്നു. അപ്പോള്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയാണ്’ അദ്ദേഹം ആരോപിച്ചു. 
‘ഒരു സന്ദര്‍ഭം കിട്ടിയിപ്പോള്‍ തൃശൂര്‍ ജില്ല അവര്‍ തിരഞ്ഞെടുത്തതിനു കാരണമുണ്ട്. ഞാന്‍ ഇതങ്ങ് എടുക്കുവാ എന്നു പറഞ്ഞവന്, ഞാന്‍ തൃശൂരില്‍ മത്സരിക്കുമെന്ന് അമിത് ഷായുടെ മുന്‍പില്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചയാള്‍ക്ക് അരങ്ങൊരുക്കുകയാണ് തൃശൂരില്‍. അതിന് ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണ്. ഇഡിക്ക് പരിശോധിക്കണമെങ്കില്‍ ഏതെങ്കിലും കോപ്പി പോരേ? കമ്പ്യൂട്ടറില്‍ നിന്നുള്ള ലിസ്റ്റ് പോരേ? അവര്‍ ഒട്ടാകെ എടുത്തുകൊണ്ടു പോകുകയാണ്.’ എസി മൊയ്തീന്‍ വ്യക്തമാക്കി. ഈ പ്രസ്താവനകളാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *